കൊച്ചി: രാഷ്ട്രീയ, സമൂഹിക, ധനകാര്യ മേഖലകളിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിന്റെ വികസന നയ രൂപീകരണത്തിന് അടിത്തറയിടുന്നതാണ് പുതിയ ബഡ്ജറ്റ്. തിരഞ്ഞെടുപ്പ് കാലമടുത്തെങ്കിലും ജനപ്രീതി നേടാൻ പൊടിക്കൈകൾ പ്രയോഗിച്ചില്ല. പകരം യാഥാർത്ഥ്യ ബോധത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് മുന്നേറാനാണ് ഊന്നൽ നൽകിയത്.
ദീർഘകാല വികസനത്തിനുള്ള മാർഗരേഖ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ചില നികുതി സമാഹരണ സാദ്ധ്യതകൾക്കിടയിലും ഫീസുകളോ സർചാർജുകളോ കാര്യമായി വർദ്ധിപ്പിച്ചില്ല. ധനക്കമ്മി കുറച്ചും മൂലധന ചെലവുകൾ വർദ്ധിപ്പിച്ചും ആഭ്യന്തര വിപണിക്ക് ഉണർവ് നൽകുന്നു. ഒപ്പം പശ്ചാത്തല വികസനത്തിന് ഊന്നൽ നൽകാനും ശ്രദ്ധിച്ചു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ കുടിശിക ഉൾപ്പെടെ നൽകുന്നതോടെ രണ്ടായിരം കോടിയാണ് വിപണിയിലെത്തുക.
വിപണിക്ക് ആവേശം പകരുന്ന വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലെന്നതാണ് ബഡ്‌ജറ്റിന്റെ പ്രധാന ന്യൂനത. നികുതി ഇതര വരുമാന മേഖലകളിലാണ് ധന സമാഹരണത്തിന് സാദ്ധ്യതകളെന്നിരിക്കെ അത്തരത്തിലുള്ള ചിന്തകളും ഉണ്ടായില്ല. വിപുലമായ അവസരങ്ങൾ തുറന്നിടുന്ന ഇന്ത്യയിലെ ധനകാര്യ വിപണി ഉപയോഗപ്പെടുത്താനുള്ള ശ്രമവും ഉണ്ടായില്ല. പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതികൾ നിരവധി ആരംഭിച്ചിട്ടുള്ളതിനാൽ കേരളത്തിലെ പൊതുമേഖല കമ്പനികൾ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്ത് പണം സമാഹരിക്കാൻ അനുയോജ്യമായ സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.
ജനനനിരക്കിൽ വരുന്ന ഇടിവും പ്രായമേറിയവരുടെ എണ്ണത്തിലെ വർദ്ധനയും സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗൗരവത്തോടെ കേരളം ചർച്ച ചെയ്ത് തുടങ്ങിയെന്നാണ് ബഡ്‌ജറ്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തു നിന്ന് വിദ്യാഭ്യാസവും തൊഴിലും തേടി പുതുതലമുറ പുറത്തേക്ക് പോകുന്ന സാഹചര്യവും പ്രധാന വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
യുവജനതയെ നാട്ടിൽ നിറുത്തണം
കേരളത്തിൽ ജനനനിരക്ക് കുത്തനെ കുറയുകയാണ്. 2014ൽ 5.34 ലക്ഷം കുട്ടികളാണ് ജനിച്ചത്. കഴിഞ്ഞ വർഷം ഇത് 3.48 ലക്ഷമായി ഇടിഞ്ഞു. യുവജനങ്ങളെ കേരളത്തിൽ തന്നെ പിടിച്ചുനിറുത്താൻ ശ്രമം വേണമെന്ന് ധനമന്ത്രി പറയുന്നു. വിദേശത്തെ തൊഴിൽ, വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ നടത്തുന്ന കുടിയേറ്റം നിരവധി പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ കരിയർ ഗൈഡൻസ് സ്ഥാപനങ്ങളുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ലോക കേരള കേന്ദ്രം
പ്രവാസികളും നാടുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ലോക കേരള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശിക്കുന്നു. പ്രവാസി സംഘടനകൾക്ക് അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ നടത്തുന്നതിന് ടൂറിസം വകുപ്പ് ഇൻസെന്റീവ് നൽകും. നാട്ടിൽ പാർപ്പിടം വാങ്ങാനും വാടകയ്ക്ക് നൽകാനും പ്രായമായവർക്ക് അസിസ്റ്റഡ് ലിവിംഗ് സംവിധാനം ഒരുക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി അഞ്ച് കോടി വകയിരുത്തി.
നഗരവത്കരണത്തിന് ആസൂത്രണം
വർദ്ധിക്കുന്ന നഗരവത്കരണം കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾക്കും ബഡ്‌ജറ്റ് തുടക്കമിടുന്നു. 2031ൽ കേരളത്തിന്റെ ജനസംഖ്യയിൽ 70 ശതമാനവും നഗരവാസികളാകുമെന്നാണ് പ്രതീക്ഷ. 2001ൽ നഗര ജനസംഖ്യ അനുപാതം 25.96 ശതമാനം മാത്രമായിരുന്നു. ആസൂത്രണത്തിലൂടെ നഗരവത്കരണ വളർച്ച ഉയർത്താനാണ് ശ്രമം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |