#ക്ഷേമപെൻഷൻ കൂട്ടിയില്ല
#ഭൂനികുതി 50% കൂട്ടി
#ഇ -കാറുകൾക്ക് നികുതികൂടും
#ശമ്പളപരിഷ് കരണമില്ല
# വേതനപരിഷ് കരണ കുടിശികയും
ഒരു ഗഡു ഡി.എയും
#ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും 750കോടി
തിരുവനന്തപുരം: പതിവ് ജനപ്രിയ ക്ഷേമ ലൈൻ വിട്ടു. പകരം നാളെയുടെ വികസനം, അതിനുള്ള നിക്ഷേപം എന്നിവയ്ക്ക് ഊന്നൽ നൽകി രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ്. ഏറെ പ്രതീക്ഷിച്ചെങ്കിലും ക്ഷേമ പെൻഷനിൽ വർദ്ധനയില്ല. പിന്നാക്ക,ദളിത് വിഭാഗങ്ങൾക്കും പുതിയ ആനുകൂല്യമൊന്നും പ്രഖ്യാപിച്ചില്ല.
അതേസമയം, ഭൂനികുതി 50 ശതമാനം കുത്തനേ കൂട്ടി. ഇ- വാഹനങ്ങൾക്കും നികുതി വർദ്ധിപ്പിച്ചു. വയനാട് പുനരധിവാസത്തിന് 750 കോടി നീക്കിവച്ചു. വിലക്കയറ്റം തടയാൻ 2063 കോടി നീക്കിവച്ചെങ്കിലും വിപണി ഇടപെടലിന് സപ്ളൈകോയ്ക്ക് പാക്കേജൊന്നുമില്ല.
പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാനഗഡുവായ 600കോടി ഈ മാസം നൽകും. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ടുഗഡു പി.എഫിൽ ലയിപ്പിക്കും. ജീവനക്കാരുടെ ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിൽ നൽകും. രണ്ട് ഗഡു ഡി.എ കുടിശികയുടെ ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കും. എന്നാൽ, ശമ്പള പരിഷ്കരണത്തെക്കുറിച്ച് മിണ്ടാട്ടമില്ല. പങ്കാളിത്ത പെൻഷന് പകരം കേന്ദ്രം കൊണ്ടുവന്ന അഷ്വേർഡ് പെൻഷൻ നടപ്പിലാക്കുന്നത് പഠിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ധനമന്ത്രി ഇക്കുറി ബഡ്ജറ്റിൽ കൊണ്ടുവന്നത് ആറ് നിക്ഷേപ പദ്ധതികളാണ്. ഇതിനായി 1895 കോടി രൂപയും നീക്കിവച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി വികസന ത്രികോണമുൾപ്പെടെ നിക്ഷേപ പദ്ധതികളിൽപ്പെടുന്നു. തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ നടപടികൾ ഈവർഷം തുടങ്ങും.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തീഷ്ണത കുറഞ്ഞെന്ന സന്തോഷവാർത്ത പങ്കുവച്ചുകൊണ്ടാണ് ധനമന്ത്രി 2.28 മണിക്കൂർ നീണ്ട ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്. എന്നാൽ അത് എങ്ങനെയെന്ന വിശദീകരണമില്ല. ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകും. ആൾതാമസമില്ലാതെ കിടക്കുന്ന വീടുകൾ ടൂറിസത്തിന് പ്രയോജനപ്പെടുത്തും. കെ ഹോംസ് എന്നാണ് പദ്ധതിക്ക് പേര്. വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കും. വ്യവസായങ്ങൾക്കുള്ള ഭൂമിക്കായി ക്ലിക്ക് പോർട്ടൽ. പ്രവാസികൾക്ക് നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിന് 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോ വികസിപ്പിക്കും. അതിവേഗ റെയിൽപാതയ്ക്ക് ശ്രമം തുടരും. നികുതിവെട്ടിപ്പ് നടത്തുന്നതിൽ ഉൾപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടും. ബ്രൂവറി, കിഫ്ബി റോഡുകളിൽ ടോൾ എന്നിവയ്ക്കുള്ള നീക്കം തുടരുമെന്നും ധനമന്ത്രി സൂചിപ്പിച്ചു. െെലഫിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കും.
1895 കോടിയുടെ
6 വികസന പദ്ധതി
1000കോടിയുടെ വിഴിഞ്ഞം - കൊല്ലം-പുനലൂർ വികസന
ത്രികോണം
500 കോടിയുടെ വെസ്റ്റ് കോസ്റ്റ് കനാൽ സാമ്പത്തിക
വികസനം
തിരുവനന്തപുരം ഔട്ടർ ഏരിയ വളർച്ചാ ഇടനാഴി
രണ്ട് കോടിയുടെ ഗ്ളോബൽ കേപ്പെബിലിറ്റി സെന്ററുകൾ
293കോടിയുടെ ഐ.ടി പാർക്ക്
100 കോടിയുടെ ഐ.ടി ഇടനാഴി
അധിക നികുതി നിർദ്ദേശങ്ങൾ
കോർട്ട് ഫീസ്, ആർബിട്രേഷൻ, ലാൻഡ് അക്വിസിഷൻ റഫറൻസ്, പൊതുതാത്പര്യഹർജി എന്നിവയുടെ ഫീസ് വർദ്ധിപ്പിച്ച് 150കോടി അധികവരുമാനം
ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ച് 100 കോടി അധികവരുമാനം
സർക്കാർ ഭൂമിയുടെ പാട്ട കുടിശിക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ. അധികവരുമാനം 436 കോടി.
കോൺട്രാക്ട് കാര്യേജുകളുടേയും സ്റ്റേജ് കാരിയറുകളുടേയും മോട്ടോർ വാഹന നികുതി ഏകീകരിക്കും. 15കോടി അധികവരുമാനം
ഇലക്ട്രിക് നാലു ചക്രവാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ച് 30കോടി അധിക വരുമാനം
ജി.എസ്.ടി നികുതികുടിശിക പിരിച്ചെടുക്കാൻ മൂന്ന് മാസത്തേക്ക് ഒറ്റത്തവണ തീർപ്പാക്കൽ
പ്രളയസെസ് നൽകാത്ത ജി.എസ്.ടി സപ്ളൈകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
2022ഡിസംബർ വരെയുള്ള ബാറുകളുടെ ഡിസ്റ്റിലറി ടേണോവർ ടാക്സ് കുടിശിക തീർപ്പാക്കാൻ സെറ്റിൽമെന്റ് സ്കീം
സഹ. ബാങ്കുകൾ ചമയ്ക്കുന്ന ഗഹാനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫയലിംഗ് ഫീസ് സ്ളാബ് പരിഷ്കരിക്കും. 15കോടി അധികവരുമാനം
ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് ബഡ്ജറ്റിലുള്ളത്
-ധനമന്ത്രി കെ.എൻ. ബാലഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |