കൊച്ചി: നഗരത്തെ രാജ്യാന്തര നിലയിൽ ഉയർത്തിപ്പിടിക്കുന്ന കലൂർ ജെ.എൻ.എൽ സ്റ്റേഡിയം അപകടങ്ങളുടെ കളിസ്ഥലമായി മാറുന്നത് ജി.സി.ഡി.എ പരിശോധിക്കണമെന്ന് കോർപ്പറേഷൻ യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. തദ്ദേശീയ സർക്കാർ എന്ന നിലയിൽ സ്റ്റേഡിയത്തിന്റെ സുരക്ഷാ വീഴ്ചകൾ പരിഹരിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകാതിരിക്കാൻ മേയർ മുനിസിപ്പൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
അഗ്നി സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചു
1996ൽ പ്രവർത്തനമാരംഭിച്ച സ്റ്റേഡിയത്തിന്റെ റൂഫുകൾ അപകടാവസ്ഥയിൽ ആണെന്ന് റിപ്പോർട്ട് ചെയ്തിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. അണ്ടർ 17 ഫുട്‌ബാൾ വേൾഡ് കപ്പ് മത്സരങ്ങൾക്ക് ശേഷം ഫയർ ഫൈറ്റിംഗ് ഉപകരണങ്ങളുടെ പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അഗ്നിസുരക്ഷാ പരിശോധനാ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജി.സി.ഡിഎയ്ക്ക് കത്ത് നൽകിയപ്പോൾ ഈ വീഴ്ചകളെല്ലാം പരിഹരിച്ചിട്ടുള്ളതാണെന്ന് കാണിച്ച് അഗ്നി സുരക്ഷ വകുപ്പിന് മറുപടി നൽകിയതല്ലാതെ അപാകതകൾ പരിഹരിച്ചിട്ടില്ലെന്ന് അഗ്നി സുരക്ഷാ വകുപ്പ് പറഞ്ഞു.
സ്റ്റേഡിയത്തിന്റെ എമർജൻസി എക്‌സിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതും വലിയതോതിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതും എമർജൻസി എക്സിറ്റുകൾ തടസപ്പെടുത്തുമായ രീതിയിലുള്ള നിർമ്മാണങ്ങൾ തടയണമെന്നും അഗ്നിസുരക്ഷാ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുമ്പോൾ ഇതെല്ലാം പരിഹരിച്ചുവെന്നായിരുന്നു ജി.സി.ഡി.എയുടെ മറുപടി.
സ്റ്റേഡിയത്തിന്റെ പില്ലറുകൾ വരെ മുറിച്ചുമാറ്റി കടമുറികൾ ആക്കിയിട്ടുണ്ടെന്ന പരാതി വ്യാപകമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയും നിയന്ത്രണവും നടത്തുന്ന നഗരസഭ സ്റ്റേഡിയത്തിന്റെ സ്ട്രക്ചർ സ്റ്റെബിലിറ്റി പരിശോധിക്കണം. അതിശക്തിയുള്ള വൈദ്യുതി പ്രസരണമുള്ള കേബിളുകൾ പോകുന്ന സ്ഥലങ്ങളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനത്തിന് ഭീഷണിയാണ്.
അപകടങ്ങൾ ഉണ്ടാകുമ്പോൾ വീഴ്ച പറ്റിയെന്ന് പറയാനല്ല അപകടസാദ്ധ്യതകൾ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്
അഡ്വ. ആന്റണി കൂരിത്തറ, പ്രതിപക്ഷ നേതാവ്
എം.ജി. അരിസ്റ്റോട്ടിൽ, പാർലമെന്റ് പാർട്ടി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |