മാന്നാർ: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകുനന് പദ്ധതിയിൽ പണം അടച്ച് കബളിപ്പിക്കപ്പെട്ടവരുടെ പരാതികളേറുന്നു. മാവേലിക്കര സീഡ് സൊസൈറ്റിയുടെ കീഴിലുള്ള ചെന്നിത്തലയിൽ ഒരുവീട്ടിൽ നിന്നും മൂന്ന് പേരാണ് സ്കൂട്ടറിനായി 60000രൂപ വീതം അടച്ച് കുടുങ്ങിയത്. ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, തഴക്കര , തെക്കേക്കര എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകളും മാവേലിക്കര നഗരസഭയും ഉൾപ്പെട്ടതാണ് മാവേലിക്കര സീഡ് സൊസൈറ്റി.
മാന്നാറിൽ 41ഉം ചെന്നിത്തലയിൽ 43പേരുമാണ് പകുതിവിലക്ക് സ്കൂട്ടർ പദ്ധതിയിൽ പണമടച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. ഹോണ്ട, റ്റി.വി.എസ്, യമഹ, സുസുക്കി തുടങ്ങിയ കമ്പനികളുടെ സ്കൂട്ടറുകളാണ് പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. 56000, 6000 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് തുകകൾ അടച്ചിട്ടുള്ളത്. തയ്യൽ മെഷീൻ പദ്ധതിയിൽ പണമടച്ചവരിൽ മോട്ടോർ കൊണ്ട് പ്രവർത്തിക്കുന്ന തയ്യൽ മെഷീൻ വിതരണം നടത്തിയെങ്കിലും സാധാരണ തയ്യൽ മെഷീനായി 3800രൂപ വീതം അടച്ചവർക്ക് ഇതുവരെ നൽകിയിട്ടില്ല.
മാവേലിക്കര സീറ്റ് സൊസൈറ്റി ഭാരവാഹികൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നൽകി. എൻ.ജി.ഒ കോൺഫെഡറേഷൻ ദേശീയ കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്ദകുമാർ എന്നിവരെ പ്രതി ചേർത്താണ് പരാതി നൽകിയത്. സ്കൂട്ടർ, തയ്യൽമെഷീൻ എന്നിവയ്ക്കായി പണമടച്ച 113 വനിതകളും മാന്നാർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകി. ഓരോരുത്തരെയും വിളിച്ച് മൊഴികൾ രേഖപ്പെടുത്താമെന്നാണ് പൊലീസ് അറിയിച്ചതെന്ന് പരാതിക്കാർ പറഞ്ഞു.
അപേക്ഷ ഇവിടെ , പണം അനന്തുവിന്
അംഗങ്ങളെ ചേർത്തും അപേക്ഷകൾ സ്വീകരിച്ചും സീഡ് സൊസൈറ്റി ഭാരവാഹികൾ പ്രവർത്തിച്ചപ്പോൾ പകുതി വില പദ്ധതിയിലേക്ക് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഒഴുകിയത്. ടൂവിലറിന്റെഅൻപത് ശതമാനം ഗുണഭോക്തൃ വിഹിതം അനന്തുവിന്റെ പ്രൊഫഷണൽ സർവ്വീസസ് ഇന്നവേഷൻസിന്റെ എച്ച്.ഡി.എഫ്.സി. ബാങ്ക് ഇയ്യാട്ടിൽമുക്ക് ബ്രാഞ്ചിലെ 50200077901685 എന്ന അക്കൗണ്ടിലേക്ക് ഓരോരുത്തരും നേരിട്ടാണ് അയച്ചു കൊടുത്തത്. തയ്യൽ മെഷീനായി സീഡ്സൊസൈറ്റി മുഖേന അനന്തുവിന്റെ നിർവ്വഹണ ഏജൻസിയായ സോഷ്യൽ ബീവഞ്ചേഴ്സിന്റെ ഇതേ ബാങ്ക് ശാഖയിലെ 99998129383581 എന്ന അക്കൗണ്ടിലേക്കുമാണ് പണം അടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |