കോഴിക്കോട്: മരം, തുണി തുടങ്ങിയ വ്യവസായങ്ങളുടെ ഭൂമികയായിരുന്ന കോഴിക്കോടിന്റെ പ്രൗഡി നഷ്ടമായിട്ട് നാളുകളേറെയായി. ഈ ബഡ്ജറ്റിലെങ്കിലും കോഴിക്കോടിന്റെ വ്യവസായപ്പെരുമ തിരിച്ച് പിടിക്കാനാവശ്യമായ പദ്ധതികൾ പരിഗണിക്കുമെന്ന പ്രതീക്ഷയും വ്യാപാരികൾക്ക് നഷ്ടമായി. സംസ്ഥാനത്തെ സുപ്രധാനമായ രണ്ട് വകുപ്പുകൾ കെെകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ജില്ലയായിട്ടുകൂടി കൊതിച്ച പലതും ഈ ബഡ്ജറ്റിൽ കോഴിക്കോടിന് ലഭിച്ചിട്ടില്ല. ജില്ല നേരിടുന്ന പല പ്രതിസന്ധികൾക്കും നേരെ കണ്ണടയ്ക്കുകയാണ് ബഡ്ജറ്റ് എന്നാണ് ജില്ലയിലെ പ്രതിപക്ഷ കക്ഷികളുടെയും ആരോപണം.
കോംട്രസ്റ്റ്
16 വർഷമായി പൂട്ടിക്കിടക്കുന്ന കോംട്രസ്റ്റ് നെയ്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുക എന്ന ആവശ്യം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലും പരിഗണിച്ചില്ല. കോംട്രസ്റ്റ് തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മനസിലാക്കി കെ.എസ്.ഐ.ഡി.സി. യിൽ നിന്ന് തൊഴിലാളികൾക്ക് 5000 രൂപ അനുവദിച്ചിരുന്നു. എന്നാൽ 2020 എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം വിരമിക്കൽ പ്രായം പിന്നിട്ടവർ ഉൾപ്പെടെ നിരവധിപേർക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെട്ടു. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.
സ്റ്റീൽ കോംപ്ലക്‌സ്
കഴിഞ്ഞ ബഡ്ജറ്റിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇത് കൃത്യസമയത്ത് വിതരണം ചെയ്തിരുന്നെങ്കിൽ സ്ഥാപനം വിൽക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് ഇവിടുത്തെ തൊഴിലാളികളും സംഘടനകളും പറയുന്നത്. ഈ വർഷത്തെ ബഡ്ജറ്റിലും സ്ഥാപനം തിരിച്ചെടുക്കാനാവശ്യമായ യാതൊരു നടപടികളും ഇല്ല.
കോട്ടൺ മിൽ
കോടികളുടെ നഷ്ടവും ചുമന്നാണ് തിരുവണ്ണൂരിലെ കോട്ടൺ മില്ലും പ്രവർത്തനം തുടരുന്നത്. 'പ്രതിസന്ധിയിലായ പീഡിത വ്യവസായങ്ങൾക്ക് പുനരുജീവനം' എന്ന പുതിയ പദ്ധതിയിൽ നാല് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിലും കോഴിക്കോട്ടെ വ്യവസായങ്ങളെക്കുറിച്ച് പരാമർശമുണ്ടായില്ല.
ഗ്വാളിയോർ റയോണസ്
മാവൂർ ഗ്വാളിയോർ റയോണസിന്റെ 350 ഏക്കറോളം വരുന്ന ഭൂമി ഉപയോഗപ്പെടുത്തി ഇലക്ട്രോണിക്സ്, ടൂറിസം. ഐ.ടി തുടങ്ങിയ മേഖലകൾക്കായി ക്രിയാത്മക പദ്ധതികൾ നടപ്പിലാക്കുക എന്ന കോഴിക്കോടിന്റെ ഏറെ നാളത്തെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
'' വ്യവസായങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സർക്കാർ ഈ ബഡ്ജറ്റിലും കാണിച്ചത്. ജില്ലയിലെ പൂട്ടികിടക്കുന്നതും പ്രതിസന്ധിയിലായതുമായ എല്ലാ വ്യവസായങ്ങളുടെയും സംരക്ഷണത്തിനായി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.
- കെ. ഷാജി, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി
'' 15 വർഷത്തിലധികമായി സമരം ചെയ്യുന്ന കോംട്രസ്റ്റ് തൊഴിലാളികളോട് കടുത്ത നീതി നിഷേധമാണ് ബഡ്ജറ്റ് കാണിച്ചത്. ഇതുൾപ്പെടെ ജില്ലയിലെ തകർച്ചയുടെ വക്കിലെത്തിയ വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് പരാമർശം പോലുമുണ്ടായില്ല. തൊഴിലാളികളുടെ സംരക്ഷണത്തിനായി സമരരംഗത്തേക്ക് ഇറങ്ങും.
- കെ.പി പ്രകാശ് ബാബു, ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |