ന്യൂഡൽഹി: ശക്തികേന്ദ്രമായ ഡൽഹിയിലെ തോൽവിയോടെ ആം ആദ്‌മിയുടെ ഭാവി തന്നെ ആശങ്കയിൽ. ഡൽഹിയുടെ ബലത്തിൽ ഭരണം പിടിച്ച പഞ്ചാബിലാണ് ഇനി പ്രതീക്ഷ. ഡൽഹി ഭരണംപോയതും ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ തോറ്റതും പാർട്ടിക്കുള്ളിൽ അനിശ്ചിതത്വമുണ്ടാക്കാനിടയുണ്ട്. കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്കും ബി.ജെ.പിയിലേക്കും പോയാലും അദ്ഭുതപ്പെടേണ്ട. എക്‌സിറ്റ് പോളുകൾ പരാജയം പ്രവചിച്ചെങ്കിലും കേജ്‌രിവാളിന്റേയും മനീഷ് സിസോദിയയുടെയും പരാജയം ആംആദ്‌മി പാർട്ടി പ്രതീക്ഷിച്ചതല്ല. പിഴവുകൾ തീരുത്തി പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ തിരിച്ചു വരാനുള്ള വഴികൾ തേടാനാകും ശ്രമം. ഡൽഹി കോർപറേഷൻ ഭരണമുള്ളത് ആശ്വാസമാണ്. ഡൽഹിയിൽ സീറ്റുകൾ കുറഞ്ഞത് പാർട്ടിയുടെ രാജ്യസഭാ അംഗബലത്തെയും ബാധിക്കും. സഞ്ജയ് സിംഗ്, സ്വാതി മാളിവാൾ, നരൈൻ ദാസ് ഗുപ്‌ത എന്നിരാണ് നിലവിലെ രാജ്യസഭാ എംപിമാർ. പാർട്ടി എം.പിയാണെങ്കിലും സ്വാതി പാർട്ടി നേതൃത്വത്തിനൊപ്പമല്ല.
ആക്‌ടിവിസത്തിലേക്ക് മടങ്ങുമോ
അന്നാ ഹസാരെയെ മുന്നിൽ നിറുത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളാണ് 2013ൽ ആംആദ്‌മി പാർട്ടിയുടെ രൂപീകരണത്തിനിടയാക്കിയത്. ഒടുവിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ പുറത്താകുമ്പോൾ കേജ്‌രിവാളിന് നഷ്ടമായ വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. അതിനായി ജനങ്ങൾക്കിടയിലിറങ്ങേണ്ടി വരും. പഴയ സത്യാഗ്രഹ സമരങ്ങളിലൂടെ തിരിച്ചുവരാൻ ശ്രമമുണ്ടാകും.
ഡൽഹിയിൽ പ്രതിപക്ഷ നേതൃ സ്ഥാനം ഇപ്പോൾ മുഖ്യമന്ത്രിയായ അതിഷിക്ക് നൽകി കേജ്‌രിവാൾ ഡൽഹി കേന്ദ്രമാക്കി ദേശീയ രാഷ്‌ട്രീയത്തിൽ കൂടുതൽ സജീവമായേക്കും. പഞ്ചാബ് ആംആദ്മി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സാന്നിധ്യമറിയിച്ച ഹരിയാന, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. ഒപ്പമുള്ളവരെ പിടിച്ചു നിറുത്തേണ്ട ഉത്തരവാദിത്വവും കേജ്‌രിവാളിനുണ്ട്.
'ഇന്ത്യ" മുന്നണിയിലെ സാന്നിദ്ധ്യം
നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്‌പരം പോരടിച്ച കോൺഗ്രസിനൊപ്പം 'ഇന്ത്യ" മുന്നണിയിൽ ആം ആദ്‌മി പാർട്ടിയുടെ ബന്ധം എന്താകുമെന്ന ചോദ്യവുമുയരുന്നു. കോൺഗ്രസിന്റെ ഇടപെടൽ ആംആദ്‌മി പാർട്ടിയുടെ വോട്ടുകൾ ഭിന്നിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |