കൊല്ലം: കല്ലട കനാലിന്റെ ഇരുകരകളിലേക്കും ജലവിതരണം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ എല്ലായിടത്തും വെള്ളമെത്തിയിട്ടില്ല. കനാൽജലം പ്രതീക്ഷിച്ച കർഷകർ കൃഷികൾ കരിഞ്ഞുണങ്ങി കടുത്ത നിരാശയിലാണ്.
ഇടതുകര കനാൽ കഴിഞ്ഞമാസം 13നും വലതുകര കനാൽ 21നും തുറന്നിരുന്നു. പ്രത്യേക വാട്ടർ കലണ്ടർ തയ്യാറാക്കി കൂടുതലായി കൃഷിയുള്ള ഭാഗങ്ങളിലാണ് ഇപ്പോൾ വിതരണം നടക്കുന്നത്. അതുകൊണ്ട് തന്നെ വലിയൊരു ഭാഗം ശാഖാ കനാലുകളിൽ ഇതുവരെയും വെള്ളം എത്തിയിട്ടില്ല. എല്ലാ പ്രദേശങ്ങളിലും ജലം എത്തുന്ന തരത്തിൽ ആവശ്യമായ അളവിൽ വെള്ളം തുറന്നുവിടുന്നില്ലെന്നാണ് കർഷകരുടെ പരാതി. ജില്ലയിൽ പലയിടങ്ങളിലും കനാൽ ഭിത്തികൾ തകർന്നുകിടക്കുകയാണ്. ചിലയിടങ്ങളിൽ കാടും വെട്ടിത്തെളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുറന്നുവിടന്ന വെള്ളം പലയിടങ്ങളിലും വലിയളവിൽ മണ്ണിൽ താഴ്ന്ന് നഷ്ടപ്പെടുകയാണ്. കനാൽ ജലം എത്തുന്നതോടെ തൊട്ടടുത്തുള്ള കിണറുകളിൽ ജലനിരപ്പ് ഉയർന്ന് കുടിവെള്ള ക്ഷാമത്തിനും വലിയൊരളവിൽ പരിഹാരമാകും.
നെടുമ്പനയിൽ മുൻവർഷങ്ങളിൽ ജനുവരി പകുതിയോടെ കനാൽ ജലം എത്തുന്നതാണ്. ഇത്തവണ ഇതുവരെ ഈ ഭാഗത്ത് വെള്ളം എത്തിയിട്ടില്ല. കൃഷി കരിഞ്ഞുണങ്ങിയതിന് പുറമേ ജനങ്ങൾ കുടിവെള്ളത്തിനായും നെട്ടോട്ടമോടുകയാണ്.
സനിൽ, നെടുമ്പന
കല്ലട ഇറിഗേഷൻ കനാൽ ശൃംഖല
ഇടതുകര പ്രധാന കനാൽ-56.01 കിലോ മീറ്റർ
വലതുകര പ്രധാന കനാൽ 69.75 കിലോമീറ്റർ
ഇടതുകര ശാഖാ കനാൽ- 61.69 കിലോമീറ്റർ
വലതുകര ശാഖാ കനാൽ- 47.57 കിലോ മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |