കൊല്ലം: തീരത്തെയും തീരദേശത്തെയും കടൽക്കൊള്ളക്കാർക്ക് വിറ്റ് തുലച്ച് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നയമാണ് ഖനന നിയമത്തിലൂടെ മോദി സർക്കാർ നടപ്പാക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ മേഖലകളിലെ കടലിൽ നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കൊല്ലം തീരക്കടലിൽ സംഘടിപ്പിച്ച കടൽ സംരക്ഷണ ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാരിന്റേത് കുത്തക മുതലാളിമാർക്ക് അടിയറവ് വച്ച ഭരണമാണ്. അൺലോക്ക് ബ്ലൂ ഇക്കോണമി പ്രോഗ്രാമിന് കീഴിലാണ് സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 50 വർഷത്തേക്ക് ഖനനം നടത്തുന്നതിന് വേണ്ടി സ്വകാര്യ കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യ മേഖലയ്ക്കും തീരദേശ പരിസ്ഥിതിക്കും ഗുരുതര ആഘാതം ഉണ്ടാക്കുന്ന ആഴക്കടൽ ഖനനത്തിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഇടതുപക്ഷം ഉയർത്തുന്നുണ്ട്. സ്വകാര്യ കമ്പനികൾക്ക് വേണ്ടി മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നിയമം എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യ ഫെഡ് ചെയർമാൻ ടി.മനോഹരൻ അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സികുട്ടിഅമ്മ, മത്സ്യത്തൊഴിലാളി അഖിലേന്ത്യ നേതാവ് കൂട്ടായി ബഷീർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ, ചിന്ത ജെറോം, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, പ്രസിഡന്റ് ബി.തുളസിധരക്കുറുപ്പ്, അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം.നസീർ, പി.ബി.സത്യദേവൻ, എച്ച്.ബേസിൽ ലാൽ, എ.അനിരുദ്ധൻ, ജി.രാജ ദാസ്, ഐ.ഐ.ഹാരിസ്, സി.ഷാജി, കെ.കെ.രമേശൻ, പി.ആർ.രഞ്ജിത്ത്, ടോംസൻ ഗിൽബെർട്ട്, ബി.വേണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |