ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ തിരിച്ചടി നേരിട്ട സമയത്തും നൃത്തം ചെയ്ത മുഖ്യമന്ത്രി അതിഷി മർലേനയ്‌ക്കെതിരെ രൂക്ഷവിമർശനം. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ആം ആദ്മി നേതാവ് കൂടിയായ അതിഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭരണം പോയിട്ടും കേജ്‌രിവാളടക്കമുള്ള പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് പലരുടെയും ചോദ്യം.
അതിഷിക്കെതിരെ ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളും രംഗത്തെത്തിയിട്ടുണ്ട്. നാണക്കേട് എന്നായിരുന്നു സ്വാതി മലിവാളിന്റെ പ്രതികരണം. 'എന്തൊരു നാണംകെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?',- സ്വാതി എക്സിൽകുറിച്ചു. 52,154 വോട്ടുകൾ നേടിയാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്. ബിജെപിയുടെ രമേഷ് ബിധുരിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്.
ये कैसा बेशर्मी का प्रदर्शन है ? पार्टी हार गई, सब बड़े नेता हार गये और Atishi Marlena ऐसे जश्न मना रही हैं ?? pic.twitter.com/zbRvooE6FY
— Swati Maliwal (@SwatiJaiHind) February 8, 2025
ഡൽഹിയിൽ 70 നിയമസഭ സീറ്റുകളിൽ 48 ഇടത്തും ബിജെപി വൻവിജയമാണ് നേടിയത്. 2020ൽ ബിജെപിക്ക് കിട്ടിയത് എട്ട് സീറ്റ് മാത്രമായിരുന്നു. അന്ന് 62 സീറ്റ് നേടിയ ആപ്പിനെ ഇത്തവണ ബിജെപി 22 സീറ്റിൽ തളച്ചു. ഒരുകാലത്ത് തലസ്ഥാനം അടക്കിവാണിരുന്ന കോൺഗ്രസ് തുടർച്ചയായി മൂന്നാമതും പൂജ്യത്തിലൊതുങ്ങി. സിപിഎം, സിപിഐ പാർട്ടികളുടെ വോട്ടുശതമാനം 'നോട്ടയ്ക്കും താഴെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |