ഇടുക്കി: കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകൾ തെളിക്കാനുള്ളതല്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ബസിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിൽ സർവീസിനായി എത്തിച്ച ഡബിൾ ഡക്കർ ബസിൽ ലൈറ്റുകൾ സ്ഥാപിച്ചതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.
'ഈ ബസിന് ഹെഡ് ലൈറ്റിന്റെ ആവശ്യമില്ല. ബസിലെ ലൈറ്റൊന്നും ഇടാൻ വേണ്ടി വച്ചതല്ല. ഭംഗിക്കുവേണ്ടി വച്ചതാണ്. അത് ഇടാൻ ഉദ്ദേശിച്ചിട്ടില്ല. ഈ ബസ് ഓടിക്കുന്ന ഡ്രൈവറോടും ബസിലെ കണ്ടക്‌ടറോടും ലൈറ്റൊന്നും ഇടേണ്ടെന്ന് ഞാൻ പറയുന്നു. ഈ വണ്ടി പകൽ സമയത്ത് മാത്രമേ ഓടിക്കുന്നുള്ളൂ. മൂന്നാറിൽ രാത്രിയൊന്നും കാണാനില്ല. കുറ്റാക്കൂരിരുട്ടാണ്. കെഎസ്‌ആർടിസിയുടെ ഒരു പൈസയും കളയാൻ ആഗ്രഹിക്കുന്നില്ല'- മന്ത്രി വ്യക്തമാക്കി.
റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്നാണ് നേരത്തെ ഹൈക്കോടതി ചോദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ബസിലെ ലൈറ്റ് സംവിധാനമെന്നും കോടതി നിരീക്ഷിച്ചിരുന്നു. പൂർണമായും സുരക്ഷാ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നതാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസിലെ അനധികൃത ലൈറ്റ് സംവിധാമെന്നും കോടതി വിമർശിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മൂന്നാറിന്റെ പ്രകൃതി രമണിയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസ്സിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾക്ക് പോലും കെഎസ്‌ആർടിസി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണം.
വലിയ വികസന പ്രവർത്തനങ്ങളാണ് കെഎസ്‌ആർടിസിയിൽ നടപ്പിലാക്കുക. മൂന്നാറിൽ കെഎസ്‌ആർടിസിയുടെ ഭൂമിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. മൂന്നാറിൽ നിന്നും വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ബസുകൾ ഓടിക്കും. ബസുകൾ കൃത്യസമയത്ത് ഓടുകയും ക്യാൻസലേഷനുകൾ ഒഴിവാക്കുകയുമാണ് ലക്ഷ്യം.
506 പുതിയ റൂട്ടുകളാണ് ജനപ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സ്വകാര്യ സംരംഭകർക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രതിബന്ധത കെഎസ്‌ആർടിസി കൈവിടില്ല. ആറ് മാസത്തിനുള്ളിൽ കെഎസ്‌ആർടിസിയെ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |