നീണ്ട ചിരിയുമായി മലയാളത്തിലേക്ക് വന്ന് പിന്നീടങ്ങോട്ട് വ്യത്യസ്ത ഭാവങ്ങൾ നിറഞ്ഞ വേഷങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച നടനാണ് സലീം കുമാർ. 2004ൽ പുറത്തിറങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെയാണ് സലീം കുമാർ സീരിയസ് വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. പിന്നീട് 'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകൻ അബു' തുടങ്ങിയ ചിത്രങ്ങളിലൂടെ സലീം അത്ഭുതപ്പെടുത്തി.
'അച്ഛനുറങ്ങാത്ത വീട്' സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരവും 'അദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരവും നടനെ തേടിയെത്തി. ഇപ്പോഴിതാ ദേശീയ പുരസ്‌കാരം വാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് സലീം കുമാർ.
സലീം കുമാറിന്റെ വാക്കുകളിലേക്ക്..
'ദേശീയ അവാർഡിന്റെ ഒരു തമാശ ഞാൻ പറഞ്ഞു തരാം. പുരസ്‌കാരം വാങ്ങുന്നതിന്റെ തലേദിവസം ഞങ്ങളെ താമസിപ്പിച്ചത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു. അവിടെ റിഹേഴ്സലിന് തലേദിവസം വന്നപ്പോൾ ഒരു വൗച്ചർ എഴുതി ഒപ്പിടീച്ചു തന്നു. ചെലവിനുള്ള കാശായിരുന്നു അത്. 150 രൂപയാണ് ഒരു ദിവസത്തെ ചെലവിനായി ഞങ്ങൾക്ക് തന്നത്. ഈ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു കുപ്പി വെള്ളത്തിന് 400 രൂപയാണ്. 2011ലെ കാര്യമാണ് ഞാൻ പറയുന്നത്.
ഇന്ത്യയിലെ മികച്ച നടനും മികച്ച സംവിധായകനും ഛായാഗ്രാഹകനും ഒരു ദിവസം ആഹാരത്തിന് നൽകുന്നത് 150 രൂപയാണ്. വലിയ നടന്മാരെ സംബന്ധിച്ച് അതൊരു പ്രശ്നമായിരിക്കില്ല. പക്ഷേ, സാധാരണക്കാരയ ചില ആൾക്കാരുണ്ട്. അവാർഡ് പടത്തിന്റെയൊക്കെ കോസ്റ്റിയൂമർമാർ. ഇവരൊക്കെ അടുത്തുള്ള പെട്ടിക്കടയിൽ പോയി ആഹാരം കഴിക്കും. ആ ഹോട്ടലിൽ നിന്ന് ഒരു ഭക്ഷണം വാങ്ങിക്കഴിച്ചാൽ എന്തുവരാൻ പോകുന്നു. അവർ ഇന്ത്യയിലെ ഇത്രയും കോടി ജനങ്ങളുടെ പ്രതിനിധിയാണ്. അവർക്ക് ഭക്ഷണം കൊടുക്കേണ്ടത് ഒരു മര്യാദയല്ലേ.
പക്ഷേ, കേരളത്തിൽ അങ്ങനെ ഒന്നുമില്ല. കേരളമൊക്കെ വളരെ മാന്യമായിട്ടാണ് കാര്യങ്ങൾ ഡീൽ ചെയ്യുന്നത്. 2011ലെ കാര്യമാണ് ഞാൻ പറയുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ തന്നെയായിരിക്കാനാണ് സാദ്ധ്യത. അതിൽ വലിയ മാറ്റങ്ങളൊന്നും വരാൻ സാദ്ധ്യതയില്ല. തരുന്നത് 150 രൂപയും ഹോട്ടലിലെ ഒരു കുപ്പി പച്ചവെള്ളത്തിന്റെ വില 400 രൂപയും'- സലീം കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |