തിരുവനന്തപുരം: ഹൃദയത്തിന്റെ രണ്ടു വാൽവുകളും തകരാറിലാണ് സലീനയ്ക്ക്. ഈ അവശത വകവയ്ക്കാതെ കിടപ്പുരോഗികൾക്കടക്കം സാന്ത്വന പരിചരണത്തിന്റെ തിരക്കിലാണ് ബീമാപ്പള്ളിയിൽ താമസിക്കുന്ന സലീന ബീവി.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ ഓപ്പറേഷൻ തീയതി നിശ്ചയിച്ചു. അതിനിടെ മരുന്നുകൾ കൊണ്ടൊരു പരീക്ഷണം. അതോടെ വാൽവുകളുടെ പ്രവർത്തനം അല്പം മെച്ചപ്പെട്ടെന്നാണ് കണക്കാക്കുന്നത്. ഓപ്പറേഷൻ തീയതി നീട്ടിവച്ചു. ഓപ്പറേഷൻ ടേബിളിൽനിന്ന് തത്കാലം വഴുതിമാറിയതിൽ ദൈവത്തോട് നന്ദിപറയുകയാണ് സലീന.
പാലിയം ഇന്ത്യയുടെ ചിൽഡ്രൻസ് പാലിയേറ്റീവ് വിഭാഗത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾക്കും സാന്ത്വനമാണ് സലീന. കിടപ്പുരോഗികൾക്കും ആശ്വാസമേകുന്നു.
മരുന്നുകൾ മുടക്കമില്ലാതെ കഴിക്കണം. കഠിനമായ വീട്ടുജോലിയടക്കം ചെയ്യാനാവില്ല. പടിക്കെട്ടുകൾ കയറുന്നതിനും വിലക്കുണ്ട്. പക്ഷേ, ഇതൊന്നും സലീനയ്ക്ക് തടസമാകുന്നില്ല. ഇനിയുള്ള ജീവിതം അശരണർക്കു കൂടിയുള്ളതാണ്. മക്കളെ സ്കൂളിൽ വിട്ടുകഴിഞ്ഞാൽ ശേഷിക്കുന്ന സമയം ഇവർക്കായി നീക്കിവയ്ക്കും.
നാലരവയസുകാരനായ രണ്ടാമത്തെ മകനെ ലുക്കീമിയ (രക്താർബുദം) ബാധിച്ചപ്പോഴും തളർന്നില്ല. രോഗത്തിൽ നിന്ന് മകൻ മുക്തനായപ്പോൾ ക്യാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന 'പ്രത്യാശ' സംഘടനയിലും സന്നദ്ധസേവനം നടത്തി. ഇപ്പോൾ പ്രത്യാശയുടെ എക്സിക്യൂട്ടിവ് അംഗമാണ്. ഭർത്താവ് പീരുമുഹമ്മദും സ്കൂൾ വിദ്യാർത്ഥികളായ ഫാരിസ്, ഫർഹാൻ എന്നിവരും സലീനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു.
എഴുത്തിലും സജീവം
സലീനയ്ക്ക് വേദനയുടെ വഴികളിൽ ആശ്വാസം പകരുന്നത് എഴുത്താണ്. കവിതകളും കഥകളും 'സന്ന സലീന' എന്ന പേരിലാണ് എഴുതുന്നത്. സ്കൂൾകാലം മുതൽ എഴുത്ത് ഒപ്പമുണ്ട്. കഴിഞ്ഞ കൊല്ലം 'ഫായിസ' എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ മാഗസിനുകളിലും എഴുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |