കൊച്ചി: കള്ള് വ്യവസായത്തിൽ വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്. ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിറക്കാനുള്ള സാദ്ധ്യതയാണ് തേടുന്നത്. കള്ളിന്റെ തനത് രുചി നിലനിറുത്തി, കൂടുതൽ പുളിക്കാതെയും ആൾക്കഹോൾ അനുപാതം മാറാതെയും ഒരു വർഷത്തിലേറെ ഇത് സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിക്കാം.
കളമശേരി കിൻഫ്ര ബയോടെക്നോളജി ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്കോപ്ഫുൾ ബയോ റിസർച്ച് കുപ്പിയിലടച്ച കള്ള് അവതരിപ്പിച്ചു. ബയോടെക്നോളജി പാർക്കിൽ ടോഡി ബോർഡ് ചെയർമാൻ യു.പി.ജോസഫ്, സി.ഇ.ഒ ജി.അനിൽകുമാർ തുടങ്ങിയവർ ഇത് കണ്ടും രുചിച്ചും പരിശോധിച്ചു.
2000 ലിറ്റർ കള്ള് ദിവസവും ജൈവരീതിയിൽ സംസ്കരിക്കാനുള്ള ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കാൻ 30 ലക്ഷംരൂപ ചെലവുവരുമെന്ന് ബയോ റിസർച്ച് സി.ഇ.ഒ ഡോ.മോഹൻകുമാർ പറഞ്ഞു. 25 ചെത്തുതൊഴിലാളികളും ആറ് ജീവനക്കാരും അടങ്ങുന്നതാകും യൂണിറ്റ്. ബയോറിസർച്ച് ഡയറക്ടർ ഡോ.ശാലിനി ഭാസ്കർ, ടോഡി ബോർഡ് അംഗങ്ങളായ കിഷോർകുമാർ, ഡി.പി.മധു, എം.സി.പവിത്രൻ, എ.പ്രദീപ്, ഡോ.ഗീതാലക്ഷ്മി, എക്സൈസ് ജോ.കമ്മിഷണർ ജെ.താജുദീൻകുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിയമതടസങ്ങൾ ഏറെ
1.കള്ള് സീൽചെയ്ത കുപ്പിയിൽ വിൽക്കാനാവില്ല. ഇതിൽ മാറ്റം വരുത്താനുള്ള ശുപാർശ ടോഡിബോർഡ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്
2.വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന കള്ളിന്റെ അളവ് 1.5 ലിറ്റർ മാത്രമാണ്. ഷാപ്പുകളിൽ മാത്രമേ വിൽക്കാനാവൂ
ഗുണങ്ങൾ
ബോട്ട്ലിംഗ് കഴിഞ്ഞാൽ മായംചേർക്കാനാവില്ല
ചെത്ത് മേഖലയിലേക്ക് തൊഴിലാളികൾ തിരിച്ചെത്തും
അനന്തമായ വിദേശവിപണന സാദ്ധ്യത
വിദേശമാർക്കറ്റിലുള്ള ശ്രീലങ്കൻ കള്ളിനെക്കാൾ മികച്ചത്
''കുപ്പിയിൽ കള്ള് ഇറക്കുകയെന്നതാണ് ബോർഡിന്റെ പ്രഥമലക്ഷ്യം. ആവശ്യമായ നിയമപരിഷ്കരണങ്ങൾക്ക് ശ്രമിക്കും
-യു.പി.ജോസഫ്
ചെയർമാൻ, ടോഡി ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |