
കൊച്ചി: കേരള കാർഷിക സർവകലാശാല കള്ള് ചെത്താനും പഠിപ്പിക്കും. കേരള ടോഡിബോർഡാണ് സർവകലാശാലയുമായി ചേർന്ന് ഒരു മാസത്തെ ടോഡി ടെക്നീഷ്യൻ കോഴ്സ് ആവിഷ്കരിച്ചത്. ടോഡി ബോർഡിന്റെ പദ്ധതി റിപ്പോർട്ടിന് എക്സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച അംഗീകാരം നൽകി. കള്ള് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചെത്തുകാരുടെ അഭാവം.
തിരുവനന്തപുരം വെള്ളായണി കാമ്പസിൽ മൂന്ന് മാസത്തിനകം തുടക്കമാകും. ജീൻസും ടീഷർട്ടുമായി 'ചെത്തി" നടക്കുന്ന 'ജെൻസി"ക്കിടയിൽ ചെത്തുകൂടും കള്ളുകുടവുമായി ന്യൂജെൻ ചെത്തുകാരും കറങ്ങിനടക്കും.
കാമ്പസിലെ തെങ്ങുകളിലാണ് ചെത്ത് പരിശീലനം. തിയറിക്ളാസ് രണ്ട് സർവകലാശാല അദ്ധ്യാപകർ പഠിപ്പിക്കും. പ്രായോഗിക പരിശീലനം നൽകാനായി പരമ്പരാഗത 'ചെത്ത് ആശാന്മാ'രെ നിയോഗിക്കും.
വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടോഡിബോർഡാണ് ടോഡി ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് നൽകുക. അപേക്ഷാവിജ്ഞാപനം ഉടനെയുണ്ടാകും. 18-45 ആണ് പ്രായപരിധി. ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലും കോഴ്സ് സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്.
ചെത്ത് പഠനം സൗജന്യം
10,000 രൂപ സ്റ്റൈപ്പൻഡും
ടോഡി ടെക്നീഷ്യൻ കോഴ്സ് തീർത്തും സൗജന്യമാണ്. ഒരുബാച്ചിൽ 30പേർക്കാണ് പ്രവേശനം. പഠിതാക്കളുടെ താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ ചെലവുകളും ടോഡിബോർഡ് വഹിക്കും. ഒരാൾക്ക് ഒരുമാസത്തേക്ക് 10,000രൂപ സ്റ്റൈപ്പൻഡും നൽകും.
കള്ള് വ്യവസായത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടോഡി ടെക്നീഷ്യൻ കോഴ്സ്. പരമ്പരാഗത ചെത്തുകാർ ഇല്ലാതാവുകയാണ്. സ്റ്റാർ ഷാപ്പും റെസ്റ്റോറന്റും തുടങ്ങാൻ തടസം ചെത്തുകാരുടെ അഭാവമാണ്.
യു.പി.ജോസഫ്, ചെയർമാൻ
കേരള കള്ളുവ്യവസായ
വികസനബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |