ന്യൂഡൽഹി: ഫ്രാൻസ് - യു.എസ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. വൈകിട്ട് പാരീസിൽ എത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കും. മാക്രോണുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. റാഫേൽ യുദ്ധവിമാനം, സ്‌കോർപിയോൺ അന്തർവാഹിനി ഇടപാടുകൾ ചർച്ചയുടെ ഭാഗമാകും. സുപ്രധാന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 12ന് രാവിലെ ഇരു നേതാക്കളും തെക്കൻ ഫ്രാൻസിലെ മാർസെയിലേക്ക് തിരിക്കും. അവിടെ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യും. പ്രശസ്‌തമായ മാർസെയിൽ യുദ്ധസ്‌മാരകവും മോദി സന്ദർശിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യക്കാർക്ക് ആദരം അർപ്പിക്കും. ഇന്ത്യ പങ്കാളിയായ, അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണ റിയാക്‌ടറും മോദി സന്ദർശിക്കും. 12,13 തീയതികളിൽ യു.എസ് സന്ദർശിക്കുന്ന മോദി ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ട്രംപ് - മോദി കൂടിക്കാഴ്ച:
ഐ.എം.ഇ.സി ചർച്ചയാകും
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി) പദ്ധതിയിൽ നിർണായക തീരുമാനങ്ങൾ ഉടനുണ്ടാകുമെന്ന് സൂചന. നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 12,13 തീയതികളിൽ യു.എസിൽ വച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കുക. അദാനി ഗ്രൂപ്പാണ് ഐ.എം.ഇസി പദ്ധതിയുടെ പ്രധാന പങ്കാളി. ഇതുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സാമ്പത്തിക സഹകരണം,കുടിയേറ്റം എന്നീ വിഷയങ്ങളിലും ട്രംപ്-മോദി ചർച്ച നടന്നേക്കും. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ ട്രംപിന്റെ പ്രതികരണം നിർണായകമാകും. വ്യാപാരം,പ്രതിരോധം, ഇന്തോ-പസഫിക് മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനുള്ള ചർച്ചകളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |