തൃശൂർ: അഞ്ചേക്കർ കുടുംബവക സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലും പകലന്തിയോളം കൃഷി. വിശ്രമനേരത്ത് സോഷ്യൽ മീഡിയയിൽ ഉത്പന്നങ്ങളുടെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്യും. 20 മിനിറ്റുള്ളിൽ പലതിനും ഓർഡർ എത്തും. സ്വന്തമായി കൃഷി ചെയ്യുന്നവ ഓൺലൈനിലൂടെ വില്പന നടത്തി വിജയഗാഥ രചിക്കുകയാണ് തൃശൂർ തുമ്പൂരിലെ യുവകർഷകൻ ടോം കിരൺ ഡേവിസ്. 'മെറ്റ'യുടെ സാദ്ധ്യത ഉൾപ്പെടെ പ്രയോജനപ്പെടുത്തിയാണ് വിപണനം.
'മെറ്റയുള്ളിടത്തോളം എന്തിനാ പേടി. സുക്കർബർഗും ഇലോൺ മസ്‌കുമൊക്കെ ഒരുക്കിവച്ച സോഷ്യൽ മീഡിയയാണ് എന്റെ മാർക്കറ്റ്'- 41കാരനായ ടോമിന്റെ വാക്കുകളിൽ ആത്മവിശ്വാസം.
നെല്ല്, കപ്പ, കുരുമുളക്, ജാതിക്ക, കുടംപുളി, മഞ്ഞൾ, തേങ്ങ, അടയ്ക്ക, റബർ അടക്കം കൃഷി ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ ഇതിന്റെ വിവരങ്ങൾ നൽകും. സ്വന്തമായി ഒരു വെബ്‌സൈറ്റുമുണ്ട്. യു.കെ, ഗൾഫ് രാജ്യങ്ങൾ, ഓസ്‌ട്രേലിയ, കാനഡ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നടക്കം സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉൾപ്പെടെ ആവശ്യക്കാരുണ്ട്. സ്പീഡ് പോസ്റ്റ് വഴി പാഴ്സലായി അയച്ചു കൊടുക്കും. പാഴ്‌സൽ ചാർജ് അവർ മുടക്കും. ഉത്പന്നങ്ങളുടെ വില അവർ ഓൺലൈനായി നൽകും. 200ലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണ്. അതിലൂടെ കണ്ട് നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്. ഓൺലൈൻ വില്പന സാദ്ധ്യമാകാത്തവ മാർക്കറ്റിലെത്തിച്ച് വിൽക്കും.
ഗൾഫ് ജോലി ഉപേക്ഷിച്ച്
കൃഷിയിലേക്ക്
പിരിമുറുക്കം കാരണം ഗൾഫിലെ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് കൃഷി തുടങ്ങിയത്. അന്ന് പരിഹസിച്ചവർ ഏറെ. സമൂഹമാദ്ധ്യമങ്ങളിലെ വിപണനതന്ത്രം യൂട്യൂബ് നോക്കിയാണ് പഠിച്ചത്. 'മെറ്റ ആഡ്‌സ് എ.ഐ' വഴിയും ആമസോൺ വഴിയും വില്പനയുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ ഓരോ സംസ്ഥാനത്തെയും തലസ്ഥാന നഗരങ്ങൾ കേന്ദ്രീകരിച്ചും അരി കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുമാണ് മെറ്റയിൽ പരസ്യം ചെയ്യുന്നത്.
സമൂഹ മാദ്ധ്യമ
പരസ്യച്ചെലവ്
വെബ്‌സൈറ്റിന്: 7000 രൂപ (വർഷത്തിൽ)
മെറ്റ: നിത്യേന 150 രൂപ (മാസം 4500)
ആമസോൺ: 20,000 രൂപ (ആജീവനാന്തം)
''കൃഷിക്കാരന് വിപണനം റിസ്‌ക്കാണ്. ഇത് മറികടന്നാൽ എല്ലാം എളുപ്പം
-ടോം കിരൺ ഡേവിസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |