SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

കട്ടയ്‌ക്ക് രോഹത്! ഇന്ത്യയ്ക്ക് പരമ്പര

Increase Font Size Decrease Font Size Print Page
d

കട്ട‌ക്ക്: തകർപ്പൻ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് കീഴടക്കി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾഔട്ടായി. മറപടിക്കിറങ്ങിയ ഇന്ത്യ 44.3 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (308/6). 90 പന്ത് നേരിട്ട് 119 റൺസ് നേടിയ രോഹിത് തന്നെയാണ് കളിയിലെ താരം.

ഇംഗ്ലീഷ് വധം

ആദ്യ മത്സരത്തിലും നാല് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ മൂന്ന് കളികൾ ഉൾപ്പെട്ട ഏകദിന പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തിയാണ് പരമ്പര സ്വന്തമാക്കിയത്. നേരത്തേ ഇംഗ്ണ്ടിനെതിരെ ട്വന്റി-20 പരമ്പരയും ഇന്ത്യ നേടിയിരുന്നു.

രോ 'ഹിറ്റ്'

ഇംഗ്ലണ്ടുയർത്തിയ മികച്ച വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് രോഹിതും ശുഭ‌മാൻ ഗില്ലും (52 പന്തിൽ 60) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 100 പന്തിൽ 136 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് തുടക്കം മുതലേ ആക്രമിച്ചു കളിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം അ‌ർദ്ധ സെഞ്ച്വറി നേടി ഗിൽ വീണ്ടും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 6 ഓവറിൽ ഇന്ത്യ48/0 എന്ന നിലയിൽ ആയിരിക്കെ ഫ്ലഡ് ലിറ്റിന്റെ തകരാറുകാരണം മത്സരം അല്പനേരം നിറുത്തി വയ്ക്കേണ്ടി വന്നു. ഇന്ത്യൻ സ്കോർ 136ൽ വച്ച് ഗില്ലിനെ ക്ലീൻ ബൗൾഡാക്കി ഓവർട്ടണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ വിരാട് കൊഹ്‌ലി(5) വീണ്ടും നിരാശപ്പെടുത്തി ആദിൽ റഷദിന്റെ പന്തിൽ പുറത്തായി. പകരമെത്തിയ ശ്രേയസ് അയ്യർ (44) രോഹിതിനൊപ്പം ഇന്ത്യൻ സ്കോർ 200 കടത്തി. ഇതിനിടെ രോഹിത് സെഞ്ച്വറിയും നേടി. രോഹിതിനെ പുറത്താക്കി ലിവിംഗ്‌സ്റ്റൺ ആണ് കൂട്ടുകെട്ട് പൊളിച്ചത്. കഴിഞ്ഞ മത്സരത്തിലെപ്പോലെ സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്ഷർ പട്ടേൽ (പുറത്താകാതെ 41) നിർണായക സമയത്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ശ്രേയസ്, കെ.എൽ രാഹുൽ (10), ഹാർദിക് പാണ്ഡ്യ(10) എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും അക്ഷ‌ർ ജഡേജയ്ക്കൊപ്പം (11) ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇംഗ്ലണ്ടിനായി ഓവർട്ടൺ 2 വിക്കറ്റ് വീഴ്‌ത്തി.

ഇംഗ്ലണ്ടും മിന്നി

ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഇംഗ്ലണ്ടും മികച്ച ബാറ്റിംഗാണ് നടത്തിയത്. ബെൻ ഡക്കറ്റ് (56 പന്തിൽ 65), ജോറൂട്ട് (69)എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് അവരുടെ ഇന്നിംഗ്സിന് അടിത്തറയായത്. ലിവിംഗ്‌സ്റ്റൺ (41), ഹാരി ബ്രൂക്ക് (34), ക്യാപ്ടൻ ജോസ് ബട്ട്‌ലർ (31) എന്നിവരും തിളങ്ങി. ഇന്ത്യയ്‌ക്കായി ജഡേജ 3 വിക്കറ്റ് വീഴ്‌ത്തി.

മാഡ്രിഡ് ഡെർബിയിൽ സമനില

മാഡ്രിഡ്: സ്‌പാനിഷ് ലാലഗിയൽ നടന്ന മാഡ്രിഡ് ഡെബർബി സമനിലയിൽ അവസാനിച്ചു.റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഓരോ ഗോൾ വീതം നേടി.ആദ്യ പകുതിയിൽ അൽവാരസ് നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ അത്‌ലറ്റിക്കോയെ രണ്ടാംപകുതിയിൽ എംബാപ്പെ നേടിയ ഗോളിലാണ് റയൽ സമനിലയിൽ പിടിച്ചത്. റയൽ ഒന്നാമതും അ‌ത്‌ലറ്റിക്കോ രണ്ടാമതും തുടരുകയാണ്.

ബംഗളുരുവിന് ജയം

ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെ 3-0ത്തിന് തോൽപ്പിച്ച് ബംഗളൂരു എഫ്.സി പോയിന്റ് ടേബിളിൽ നാലാമതെത്തി. ജംഷഡ്‌പൂർ 3-ാം സ്ഥാനത്ത് തുടരുകയാണ്.

TAGS: NEWS 360, SPORTS, ROHIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY