തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് പി.ജെ. ജോസഫ് നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. റബറിന് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ തറവിലയാണ് ഇന്നുള്ളത്. കാർഷിക മേഖലയെ പൂർണ്ണമായും കൈവിട്ടു. കാർബൺ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർദ്ധന ഏർപ്പെടുത്തിയത് പിൻവലിക്കണം. തൊഴിൽ കിട്ടുന്ന മേഖലകൾ കണ്ടെത്തി ജോബ് ഫെയറുകൾ സംഘടിപ്പിക്കണം. കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ കാലഘട്ടത്തിനുസരിച്ച് ആവശ്യമുള്ള ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാൻ നടപടി കൈക്കൊള്ളണം. പട്ടയ വിതരണത്തെക്കുറിച്ച് ഒരക്ഷരം പോലും ബഡ്ജറ്റിൽ പരാമർശിക്കാത്തത് ശരിയായില്ല. സി.എച്ച്.ആർ (കാർഡമം ഹിൽ റിസർവ് ) വനഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന പൊരുത്തക്കേടുകൾ കാരണം പട്ടയ വിതരണം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. സ്റ്റേ പിൻവലിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണം. കഴിഞ്ഞ നാല് വർഷങ്ങളിലായി ഇടുക്കി പാക്കേജിന് 300 കോടി രൂപയുടെ പ്രഖ്യാപനം നടത്തിയിട്ടും ഒരു രൂപ പോലും ചെലവഴിക്കാനായില്ല. ഇത്തവണ ഇടുക്കി പാക്കേജിനേക്കുറിച്ച് പരാമർശം ഇല്ല. തൊടുപുഴ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ചയാൾക്കും വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നൽകിയില്ല. ആറു ലക്ഷം രൂപ വീതം ഇനിയും നൽകാനുണ്ട്. വനം- വന്യജീവി സംരക്ഷണത്തിനായി 305 കോടി നീക്കിവച്ചതായി പറയുന്നു. സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനും മറ്റും പ്രഥമ പരിഗണന നൽകണമെന്നും പി. ജെ ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |