ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ യുവാവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരിളഴിഞ്ഞത് പ്രതി കിരണിന്റെ വീട്ടിൽ അധിക വൈദ്യുതിയുടെ ഉപയോഗം കണ്ടെത്തിയതിലൂടെ. ഒപ്പം പോസ്റ്റുമോർട്ടം റിപ്പോർട്ടും വഴിത്തിരിവായി. ദിനേശന്റെ മരണകാരണം അമിത മദ്യപാനം കാരണമെന്നാണ്
ആദ്യം നാട്ടുകാർ കരുതിയത്. എന്നാൽ, പൊലീസിന്റെ സമയോചിതമായ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. മൃതദേഹത്തിന്റെ കഴുത്തും അരക്ക്താഴെയുള്ള ഭാഗങ്ങളും പൊള്ളലേറ്റ നിലയിലായിരുന്നു. കൈവിരലുകളുടെ മാംസഭാഗങ്ങൾ പൂർണ്ണമായും കരിഞ്ഞ നിലയിലും.
വിരലടയാളവിദഗ്ദ്ധർക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. ഷോക്കേറ്റാണ് മരിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പൊലീസ് ജാഗ്രതയോടെ അന്വേഷണം ആരംഭിച്ചു. മൃതദേഹം കിടന്ന ഭാഗത്ത് വൈദ്യുതാഘാതം ഏൽക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി അധികൃതരുടെ സഹായത്തോടെ ദിനേശന്റെ അയൽ വീടുകളിലെ വൈദ്യുതി ബില്ലും റേഷൻകാർഡും പരിശോധിച്ചു. സംഭവദിവസം രാത്രിയിൽ കിരണിന്റെ വീട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗം കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതിയിലേക്ക് എത്തിയതും.
പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമം
പ്രതി കിരണിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ജനരോഷം ആളിക്കത്തി. രോഷാകുലരായ നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് കിരണിനെ തെളിവെടുപ്പിനായി വാടക്കൽ വീട്ടിൽ കൊണ്ടുവന്നത്. വിവരം അറിഞ്ഞ് സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ എത്തിയിരുന്നു.
വീടിന് മുന്നിലെ കുറ്റിക്കാട് നിറഞ്ഞ പറമ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച ചെമ്പ് കമ്പിയും കോയിലും ഉപേക്ഷിച്ചതെന്ന് കിരൺ പറഞ്ഞതോടെ, പഞ്ചായത്ത് അംഗം രഞ്ജിത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും പൊലീസും ചേർന്ന് രണ്ട് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ അത് കണ്ടെത്തുകയായിരുന്നു.
6 മാസം മുമ്പേ പദ്ധതിയിട്ടു
ദിനേശൻ വീട്ടിൽ വരുന്നത് കിരണിന് ഇഷ്ടമില്ലായിരുന്നു. പലപ്പോഴും ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ആറ് മാസം മുമ്പ് തന്നെ ദിനേശനെ കൊല്ലാനുള്ള പദ്ധതി കിരൺ തയ്യാറാക്കിയിരുന്നു. വീടിന്റെ പിൻഭാഗത്തെ വാതിൽ ഭാഗത്ത് ഇലക്ട്രിക് കമ്പി വലിച്ചിരുന്നു. മുൻകൂട്ടി കമ്പി വലിച്ചിട്ടിരുന്നതിനാൽ ആർക്കും സംശയം തോന്നിയതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |