ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലു ദിവസത്തെ ഫ്രാൻസ്, യു.എസ് സന്ദർശനം തുടങ്ങി. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രാത്രി വൈകി പാരീസിലെത്തി. പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിൽ നടത്തുന്ന മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ പ്രധാന അജൻഡ ഇന്ന് നടക്കുന്ന എ.ഐ ആക്‌ഷൻ ഉച്ചകോടിയാണ്. ലോക നേതാക്കളും ആഗോള ടെക് സി.ഇ.ഒമാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി സഹ-അദ്ധ്യക്ഷത വഹിക്കും.
നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുമെന്നും പ്രസിഡന്റ് മാക്രോണിനൊപ്പം ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള '2047 ഹൊറൈസൺ റോഡ്മാപ്പ് 'പുരോഗതി അവലോകനം ചെയ്യുമെന്നും യാത്രയ്‌ക്കു മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി പറഞ്ഞു.
മാർസെയിലിൽ ഫ്രാൻസിലെ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം, ഇന്ത്യ അംഗമായ ഇന്റർനാഷനൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടർ പദ്ധതി സന്ദർശനം, ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് മസാർഗൂസ് യുദ്ധ സ്‌മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കൽ എന്നിവയാണ് പ്രധാന പരിപാടികൾ
സുഹൃത്ത് ട്രംപിനെ
കാണാൻ...
ഫ്രാൻസിലെ സന്ദർശനത്തിന് ശേഷം 12ന് മോദി യു എസിലേക്ക് തിരിക്കും. ഉറ്റ സുഹൃത്തായ പ്രസിഡന്റ് ട്രംപിനെ കാണാൻ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു. നിലവിലെ സഹകരണം തുടരുന്നതിനും സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ആഴത്തിലാക്കാനും സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |