കോട്ടയം: ദുരഭിമാനക്കൊലപാതകമെന്ന് കോടതി കണ്ടെത്തിയ കെവിൻ വധക്കേസിലെ പത്ത് പ്രതികൾക്കും ഇരട്ടജീവപര്യന്തം തടവും പിഴയും വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. ജയചന്ദ്രന്റേതാണ് ചരിത്രവിധി. പത്ത് പ്രതികളും വധശിക്ഷയ്‌ക്ക് അർഹരാണെങ്കിലും പ്രായവും പശ്ചാത്തലവും പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ പത്തനാപുരം തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ ഷാനു ചാക്കോ (27), രണ്ടാം പ്രതി ഇടമൺ നിഷാന മൻസിൽ നിയാസ് മോൻ (ചിന്നു, 24), മൂന്നാം പ്രതി ഇടമൺ തേക്കുംകൂപ്പ് താഴത്ത് ഇഷാൻ ഇസ്‌മയിൽ (21), നാലാംപ്രതി പുനലൂർ ഇടമൺ റിയാസ് മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടി (27), ആറാം പ്രതി പുനലൂർ താഴക്കടവാതിൽക്കൽ അശോക ഭവനിൽ മനു മുരളീധരൻ (27), ഏഴാം പ്രതി പുനലൂർ ഭരണിക്കാവ് അൻഷാദ് മൻസിലിൽ ഷിഫിൻ സജാദ് (28), എട്ടാം പ്രതി പുനലൂർ ചാലക്കോട് വാലുതുണ്ടിയിൽ എൻ. നിഷാദ് (23), ഒമ്പതാം പ്രതി പത്തനാപുരം കടശേരി ടിറ്റു ഭവനിൽ ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി പുനലൂർ മുസാവരിക്കുന്ന് അൽമൻഹൽ മൻസിലിൽ ഫസിൽ ഷെരീഫ് (അപ്പൂസ്, 26), പന്ത്രണ്ടാം പ്രതി പുനലൂർ വാളക്കോട് ഈട്ടിവിള ഷാനു ഷാജഹാൻ (25) എന്നിവരെയാണ് ശിക്ഷിച്ചത്.
എല്ലാ പ്രതികൾക്കും കൊലക്കുറ്റത്തിന് ( 302-ാം വകുപ്പ് ) ജീവപര്യന്തം തടവും 25,000 രൂപ പിഴയും പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശലിന് (364 എ) ജീവപര്യന്തം കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി ഷാനു ചാക്കോ, ഇഷാൻ എന്നിവർ 40,000 രൂപ വീതവും നിയാസ്‌മോൻ 55,000 രൂപയും ബാക്കിയുള്ളവർ 45,000 രൂപ വീതവും പിഴ അടയ്ക്കണം. പിഴത്തുകയിൽ ഒരു ലക്ഷം രൂപ ഒന്നാം സാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷിനും ബാക്കി തുക നീനുവിനും കെവിന്റെ അച്ഛൻ ജോസഫിനും തുല്യമായി വീതിച്ചും നൽകണം. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതികൾ സഞ്ചരിച്ചിരുന്ന മൂന്നു കാറുകൾ കണ്ടുകെട്ടി തുക ഈടാക്കണം. വിചാരണക്കാലയളവിലെ ജയിൽവാസം ശിക്ഷയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സി.എസ്. അജയൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |