കണ്ണൂർ:സർവീസ് നടത്തുന്ന ബസുകളിൽ നിയമവിരുദ്ധമായി ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പരാതികൾ വന്നതിന് പിന്നാലെയാണ് നടപടി ശക്തമാക്കുന്നത്.
ഓഡിയോ വീഡിയോ സംവിധാനങ്ങളുണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണ്ണമായി അഴിച്ച് മാറ്റാൻ ആർ.ടി.ഒ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പരിശോധന ആരംഭിച്ചതായും അധികൃതർ പറഞ്ഞു.അടുത്തിടെ കൂത്തുപറമ്പ് റൂട്ടിൽ കാതടപ്പിക്കുന്ന രീതിയിൽ പാട്ടു വച്ചതിനെ തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ കൈയാങ്കളി വരെയെത്തിയിരുന്നു.ബന്ധു മരിച്ചതറിഞ്ഞ് പോവുകയായിരുന്നു ഒരു കുടുംബം പാട്ട് അസഹ്യമായതിനെ തുടർന്ന് ഓഫ് ചെയ്യാൻ പറഞ്ഞതിനെ തുർന്നായിരുന്നു വാക്കുതർക്കമുണ്ടായത്. ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്ടാകുന്ന തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വിഭാഗം വെളിപ്പെടുത്തുന്നു.
തട്ടുപൊളിപ്പൻ പാട്ടിട്ടാൽ
അപകടങ്ങൾക്ക് കാരണമാകുന്നു
സ്വകാര്യ ബസുകളിൽ അമിത ശബ്ദത്തിൽ ഒാഡിയോ വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് പലപ്പോഴും വൻ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഹോൺ അടിച്ചാലും കേൾക്കില്ല
മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയാൽ പോലും ചില ഡ്രൈവർമാർ അറിയാത്ത സ്ഥിതിയാണ്.
കാൽനീട്ടാൻ സ്ഥലമില്ല
സീറ്റിന്റെ അടിയിൽ സ്പീക്കർ ബോക്സ് വച്ചതിനാൽ മിക്ക യാത്രക്കാർക്കും കാൽ നീട്ടി വയ്ക്കാൻ പറ്റാത്തതായുള്ള പരാതിയുമുണ്ട്.
നിയമലംഘനം വേറെയുമെന്ന് ആർ.ടി.ഒ
ബസുകളിൽ ടി.വി ഉൾപ്പെടെ ഘടിപ്പിച്ച് വീഡിയോകൾ പ്രദർശിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നു
നിരോധിത എയർഹോണുകളും അമിത ശബ്ദമുള്ള ഇലക്ട്രിക് ഹോണുകളും ഘടിപ്പിക്കുന്നു
നിരോധിത മേഖലയിലും ഹോൺ
ശിക്ഷ പിറകെയുണ്ട്
പരിശോധനകളിലോ പരാതികളിലോ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 10000 രൂപ വരെയുള്ള ഉയർന്ന പിഴയും ,വാഹനത്തിന്റെ പെർമിറ്റ്,ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും കൈക്കൊള്ളും.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബസിൽ യാത്രക്കാർക്ക് പ്രയാസമാകുന്ന തരത്തിൽ മ്യൂസിക് ,വീഡിയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണ്.രണ്ട് ദിവസത്തിനുള്ളിൽ ഇത് നീക്കിയില്ലെങ്കിൽ കഷന നടപടിയുണ്ടാകും
ബി.സാജു,എൻഫോഴ്സ്മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |