ന്യൂഡൽഹി: ആംആദ്മി പാർട്ടി(എ.എ.പി) പഞ്ചാബ് ഘടകത്തിൽ പടലപ്പിണക്കണമെന്ന അഭ്യൂഹങ്ങൾക്കിടെ ഡൽഹിയിൽ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്. എല്ലാ എം.എൽ.എമാരും ഒപ്പമുണ്ടെന്ന് ഭഗവന്ത് സിംഗ് മാൻ ഡൽഹി കപൂർത്തല ഹൗസിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
30ൽ അധികം ആംആദ്മി എം.എൽ.എമാർ തങ്ങളുമായി ചർച്ചയിലാണെന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേജ്‌രിവാൾ ഡൽഹിയിൽ യോഗം വിളിച്ചത്. ഡൽഹി തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനും 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യാനുമാണ് യോഗം വിളിച്ചതെന്ന് എ.എ.പി നേതാക്കൾ വിശദീകരിച്ചു.
അതേസമയം ഭഗവന്ത് സിംഗ് മാനിന്റെ പ്രവർത്തനങ്ങളിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന സൂചന ശക്തമാണ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള ലുധിയാന മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ച് കേജ്രിവാളിനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശവും പാർട്ടിയിലുണ്ട്.
പാർട്ടി ഒറ്റക്കെട്ടാണെന്നും പഞ്ചാബിൽ കൂടുതൽ വികസനം നടപ്പാക്കുമെന്നും ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. ഭിന്നതയുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ സ്വന്തം പാർട്ടിയിലെ എം.എൽ.എമാരുടെ കാര്യം ശ്രദ്ധിച്ചാൽ മതി.തങ്ങൾ വിയർപ്പും രക്തവും ഒഴുക്കി രൂപീകരിച്ച പാർട്ടിയാണിത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിനെ വികസനത്തിന്റെ ഒരു മാതൃകാ സംസ്ഥാനമായി രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും മാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |