കോഴിക്കോട്: പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന സിറ്റി ട്രാഫിക് സ്റ്റേഷനിലേക്ക് പരാതി പറയാൻ ഇനി അധികകാലം പോകേണ്ടി വരില്ല,
ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. 1984ൽ പ്രവർത്തനമാരംഭിച്ച കെട്ടിടം പെതൃകം നിലനിറുത്തിയാണ് മാറ്റി പണിയുക. മൂന്ന് നില കെട്ടിടത്തിൽ ട്രാഫിക് പൊലീസിനെ കൂടാതെ സ്പെഷ്യൽ വിംഗ് , വനിത സെൽ, പാർക്കിംഗ് സൗകര്യം, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. നിലവിൽ സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്റ്രേഷൻ പ്രവർത്തനം മൂന്നിടങ്ങളിലേക്കായി മാറ്റി. പൊലീസ് സൊസൈറ്റിക്ക് എതിർവശം വനിതാ സെൽ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലും പഴയ വനിതാ സെൽ പ്രവർത്തിച്ച പൊലീസ് മ്യൂസിയത്തിന്റെ കെട്ടിടത്തിലുമാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തനം നടക്കുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാനും മറ്റുമായി ഒരു ക്വാട്ടേഴ്സും അനുവദിച്ചിട്ടുണ്ട്.
പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ
ദുരിതം പേറി പൊലീസുകാർ
സിറ്റി പൊലീസ് ഓഫീസ് കോമ്പൗണ്ടിലെ പഴയ കെട്ടിടം കാലപ്പഴക്കം മൂലം ചോർന്നൊലിച്ച് ശോച്യാവസ്ഥയിൽ ആയതോടെയാണ് കെട്ടിടം പൂർണമായും പൊളിച്ച് പണിയാൻ തീരുമാനിച്ചത്. 2022ൽ പി.ഡബ്ല്യു.ഡി പരിശോധിച്ച കെട്ടിടം പൊളിച്ചു നീക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ താത്കാലിക മാറ്റത്തിനായി നിരവധി സ്ഥലങ്ങൾ നോക്കിയെങ്കിലും ഓഫീസും സ്റ്റേഷൻ സംവിധാനവും ഉൾക്കൊള്ളാവുന്ന കെട്ടിടം കിട്ടാത്തതിനാൽ നീണ്ടു പോവുകയായിരുന്നു. അപകട ഭീഷണി ഉയർന്ന കെട്ടിടത്തിൽ രണ്ടു വർഷത്തിലധികമാണ് 240 ലധികം ജീവനക്കാർ ജോലി ചെയ്തത്. കെട്ടിടത്തിന്റെ സീലിംഗ് അടക്കം പല ഭാഗങ്ങളും അടർന്നു വീണ് അപകടങ്ങൾ പതിവായിരുന്നു. ജനവാതിലുകൾ പലതും പൊളിഞ്ഞ നിലയിലാണ്. മഴയിലും അപകട ഭീതിയിലാണ് കെട്ടിടത്തിൽ ജീവനക്കാർ ജോലി തുടർന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |