മലപ്പുറം: ജില്ല നേരിടുന്ന വോൾട്ടേജ് ക്ഷാമം കണക്കിലെടുത്ത് വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാനുള്ള 410 കോടിയുടെ ബൃഹത് പദ്ധതിക്ക് വേഗം കൂട്ടാൻ കെ.എസ്.ഇ.ബിയുടെ തീരുമാനം. 2027 മാർച്ചോടെ പ്രവൃത്തികൾ പൂർണ്ണമായും പൂർത്തിയാക്കും. ഈ സാമ്പത്തിക വർഷത്തെ 165.26 കോടിയുടെ പ്രവൃത്തികളിൽ 55.3 കോടിയുടേത് ടെൻഡർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവയുടെ ടെൻഡർ നടപടികൾ പുരോഗതിയിലാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, കപ്പാസിറ്റി വർദ്ധിപ്പിക്കൽ, ഹൈടെൻഷൻ ലൈനിലെ പഴയ കമ്പികൾ മാറ്റി പുതിയ ലൈൻ നിർമ്മിക്കൽ, ലോ ടെൻഷൻ ലൈനുകളുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികൾ എന്നിവ ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിട്ടത്. എന്നാൽ, കഷ്ടിച്ച് രണ്ടുമാസം മാത്രം ശേഷിക്കേ ഈ പ്രവൃത്തികൾ പൂർണ്ണമായും പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയുണ്ട്. നിലവിലെ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുതിയ 11 കെ.വി. ഫീഡറുകൾ വലിച്ച് ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഒപ്പം നിലവിലുള്ള ലൈനുകളിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, ലോ ടെൻഷൻ ലൈനുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, പുതിയ സബ് സ്റ്റേഷനുകളിൽ നിന്നുള്ള 11 കെ.വി ലൈനുകൾ വലിക്കൽ എന്നിവയും ചെയ്തു തീർക്കണം.
വരും പുതിയ സബ് സ്റ്റേഷനുകൾ
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതുതായി 12 സബ് സ്റ്റേഷനുകൾ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. വെന്നിയൂർ, കുന്നുംപുറം, വേങ്ങര, കാടാമ്പുഴ, ചങ്ങരംകുളം, വെങ്ങാലൂർ, തിരുവാലി, മലപ്പുറം സിവിൽ സ്റ്റേഷൻ, പുളിക്കൽ, കൊണ്ടോട്ടി, കരുവാരക്കുണ്ട്, പാണക്കാട് ഇൻകെൽ എന്നിവിടങ്ങളിലാണിത്. കാടാമ്പുഴ, സിവിൽസ്റ്റേഷൻ, കൊണ്ടോട്ടി, കരുവാരക്കുണ്ട്, ഇൻകെൽ എന്നിവ 2025- 26 സാമ്പത്തിക വർഷത്തിലും വേങ്ങര, വെങ്ങാലൂർ, പുളിക്കൽ എന്നിവ 2026- 27 സാമ്പത്തിക വർഷത്തിലും പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പ്രവൃത്തികൾ മുന്നോട്ടുനീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |