കൊല്ലം: സംസ്ഥാനത്ത് സർക്കാർ അധീനതയിലുള്ള രക്തബാങ്കുകൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച വാഹനങ്ങളുടെ (ബ്ളഡ് ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ) ഫിറ്റ്നസ് കാലാവധി 2025 മേയ്, ജൂൺ മാസങ്ങളിൽ അവസാനിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും. 15 വർഷം കഴിഞ്ഞ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് കേന്ദ്ര നിയമം. തിരുവനന്തപുരത്ത് രണ്ടും മറ്റ് ജില്ലകളിൽ ഒന്ന് വീതവും ആകെ 15 ട്രാൻസ്പോർട്ടേഷൻ വാഹനങ്ങളാണ് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകൾക്ക് കീഴിലുള്ളത്.
കൊല്ലം ജില്ലയിലെ ട്രാൻസ്പോർട്ടേഷൻ വാഹനത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കും. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മറ്റു ജില്ലകളിലെ വാഹനങ്ങളുടെയും കാലാവധി കഴിയുന്നത്. 2010 മേയ് 24 ആണ് സംസ്ഥാനത്തെ 15 ട്രാൻസ്പോർട്ടേഷൻ വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിലുടനീളമുള്ള ഗവ. ബ്ലഡ് സെന്ററുകൾക്കും ബ്ലഡ് സ്റ്റോറേജുകൾക്കും വോളണ്ടറി ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾക്കും ഈ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ബ്ളഡ് ട്രാൻസ്പോർട്ടേഷൻ വാഹനങ്ങളിലെ നാല് ഫ്രീസറുകൾ ഉപയോഗിച്ച് ഒരേ സമയം 200 യൂണിറ്റോളം രക്തം കൊണ്ടുപോകാനാവും. എന്നാൽ സാധാരണ വാഹനങ്ങളിൽ ഇത് 35 യൂണിറ്റിൽ ഒതുങ്ങും. വാഹന സൗകര്യം നിലയ്ക്കുന്നതോടെ ബ്ലഡ് സെന്ററുകളിലും മറ്റും വലിയ തോതിൽ രക്തത്തിന്റെ അഭാമുണ്ടാകും. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന് കീഴിലാണ് ആദ്യം വാഹനം അനുവദിച്ച് നൽകിയത്. എന്നാൽ ഇപ്പോൾ ഡയറക്ടറേറ്റ് ഒഫ് ജനറൽ ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിലാണ് ഇവയുടെ പ്രവർത്തനം.
പൂർണമായും കേന്ദ്ര ഫണ്ട്
അറ്റകുറ്റപ്പണിയുൾപ്പടെ ഈ വാഹനങ്ങളുടെ ചെലവ് കേന്ദ്ര ഫണ്ടാണ്. കേന്ദ്രത്തിൽ നിന്ന് എൻ.ഒ.സി ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭിച്ചെങ്കിൽ മാത്രമേ സംസ്ഥാനത്ത് ബ്ളഡ് ട്രാാൻസ്പോർട്ടേഷന് വേണ്ടി പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാവൂ.
ഇനിയെന്ത്?
ഡയറക്ടറേറ്റ് ഒഫ് ജനറൽ ഹെൽത്ത് സർവീസ് വൈസ് ചെയർമാന്റെ പേരിൽ വേണം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ. എങ്കിൽ മാത്രമേ ഇവ ബ്ലഡ് സെന്ററുകൾക്ക് വിട്ടുനൽകാനാവൂ. ഫിറ്റ്നസ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല. ഡ്രൈവറും അറ്റൻഡറും ഉൾപ്പടെ രണ്ട് ജീവനക്കാരാണ് ഒരു വാഹനത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |