കൊല്ലം: ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് ജർമ്മൻ പൗരന് പരിക്കേറ്റു. ജർമ്മനിയിലെ വീസ്ബാഡൻ സ്വദേശിയായ ഹെറാൾഡിനാണ് (71) പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. കൊല്ലത്ത് നിന്ന് വർക്കലയിലേക്ക് പോകാനായി ടിക്കറ്റെടുത്ത ഹെറാൾഡ് തെറ്റിദ്ധരിച്ച് എറണാകുളം ഭാഗത്തേക്ക് പോകാനായി നിറുത്തിയിട്ടിരുന്ന നേത്രാവതി എക്സ്‌പ്രസിൽ കയറുകയായിരുന്നു. ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ അബദ്ധം പറ്റിയത് മനസിലാക്കിയ ഇദ്ദേഹം പരിഭ്രാന്തനായി പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റ ഹെറാൾഡിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തെ പിന്നീട് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |