തിരുവനന്തപുരം: ''എന്നെ കൈയേറ്റം ചെയ്തവരുടെ മനംമാറ്റത്തിൽ സന്തോഷം""- മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ പറയുന്നു. സ്വകാര്യ സർവകലാശാലാ ബിൽ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2016ൽ സ്വകാര്യ സർവകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള ആഗോള വിദ്യാഭ്യാസ കോൺഫറൻസിന് നേതൃത്വം വഹിച്ചപ്പോൾ കോവളത്ത് വച്ച് എസ്.എഫ്.ഐക്കാർ ടി.പി. ശ്രീനിവാസനെ കൈയേറ്റം ചെയ്തിരുന്നു. അന്ന് ഉന്നതവിദ്യാഭ്യസ കൗൺസിൽ ഉപാദ്ധ്യക്ഷനായിരുന്നു ടി.പി. ശ്രീനിവാസൻ.
'ഇത്രയും വർഷം നഷ്ടപ്പെട്ടല്ലോ എന്നതിൽ മാത്രമാണ് വിഷമം. റിപ്പോർട്ടും കരട് ബില്ലും ഉണ്ടാക്കി ഉമ്മൻചാണ്ടി സർക്കാരിന് സമർപ്പിച്ചിരുന്നു. യു.ഡി.എഫിൽ തന്നെ ഇത് സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് അതുമായി മുന്നോട്ട് പോകാനായില്ല. ഈ ആശയം മുന്നോട്ടുവച്ചസമയത്ത് കുട്ടികൾക്ക് കോളേജിൽ സീറ്റു ലഭിച്ചിരുന്നില്ല. പുതിയ സർവകലാശാല വരേണ്ടത് അത്യാവശ്യമായിരുന്നു. ഫീസ് പോലുള്ള കാര്യങ്ങളിൽ ഇപ്പോഴത്തെ ബില്ലിൽ വ്യക്തമായ മാനദണ്ഡമുണ്ടോയെന്ന് സംശയമാണ്. അന്നു മുന്നോട്ട് വച്ച ബില്ലിൽ അതെല്ലാം ഉണ്ടായിരുന്നു."" വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താൻ മറ്റ് മാർഗങ്ങളില്ലെന്ന് സർക്കാരിന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |