ജോലിസ്ഥലങ്ങൾ പൊതുവേ ചിട്ടയോടുകൂടി പ്രവർത്തിക്കുന്നവയാണ്. മിക്ക കമ്പനികളും അതിനായി പല നിയമങ്ങളും മുന്നോട്ടുവയ്ക്കുന്നു. കമ്പനികളിൽ ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ല. എന്നാൽ അതിന് അനുമതി നൽകുന്ന ഒരു കമ്പനി ഉണ്ടെങ്കിലോ? ഇവിടെയല്ല, ജപ്പാനിലാണ് ഈ കമ്പനി ഉള്ളത്. ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനിയാണ് ജീവനക്കാർക്ക് മദ്യം നൽകാൻ തീരുമാനിച്ചത്.
മദ്യം മാത്രമല്ല മദ്യം കഴിച്ച് ഹാംഗ് ഓവർ വന്നാൽ അതിന് ലീവും നൽകുന്നുണ്ടത്രെ. പുതിയ ആളുകളെ കമ്പനിയിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നതെന്നാണ് വിവരം. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ട്രസ്റ്റ് റിംഗ് കമ്പനിയാണ് ഇത്തരം ഒരു ഓഫർ നൽകുന്നത്. വലിയ ശമ്പളമോ അനുകൂല്യമോ നൽകാനാവത്തതിനാലാണ് ജീവനക്കാർക്ക് തീർത്തും സൗജന്യമായി മദ്യം നൽകാൻ കമ്പനി തീരുമാനിച്ചത്. ജോലി സമയത്ത് തന്നെ മദ്യം കുടിക്കാനും അനുമതി ഉണ്ട്.
കമ്പനിയുടെ സിഇഒ തന്നെയാണ് മദ്യം നൽകുന്നത്. ഇത് കമ്പനിയിൽ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നും സിഇഒ അവകാശപ്പെടുന്നു. ഇനി അഥവാ മദ്യപിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാൽ ജീവനക്കാർക്ക് 2-3 മണിക്കൂർ 'ഹാംഗ് ഓവർ ലീവും' കമ്പനി അനുവദിക്കും. ജോലി സമയം സന്തോഷകരമാക്കാൻ ഇത് സഹായിക്കുമെന്നും സിഇഒ പറയുന്നു. എന്തായാലും വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കി. പലരും ഇതിനെ തമാശയായാണ് കാണുന്നത്. എന്നാൽ ഇതിനെതിരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |