സേലം: സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലിയുളള തർക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ കണ്ടഗുരുവാണ്(14) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ തമ്മിൽ സ്‌കൂൾ ബസിൽ വച്ച് വാക്കു തർക്കമുണ്ടായത്. ബസിൽ ഇവരിലൊരാളിരുന്ന സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. തർക്കത്തിനിടയിൽ സഹപാഠി കണ്ടഗുരുവിന്റെ നെഞ്ചിൽ ശക്തിയായി ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി ബസിനുള്ളിൽ തലയിടിച്ച് വീണു, പിന്നാലെ അബോധാവസ്ഥയിൽ ആകുകയായിരുന്നു.
സംഭവം കണ്ട ബസ് ഡ്രൈവർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് സേലത്തുളള ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ കണ്ടഗുരു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം ഭയന്ന് പൊലീസ് സ്കൂളിന് ചുറ്റും സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്കൂളിനു നേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |