തിരുവനന്തപുരം: നാടിന് ഗുണകരമായ പദ്ധതികളിൽ അള്ള് വയ്ക്കാൻ ശ്രമിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തോട് നിയമസഭാ ചോദ്യോത്തരവേളയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സീ പ്ലെയിൻ കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണെന്നും അന്ന് എതിർത്ത ഇടത് പാർട്ടികൾ അത് നടപ്പാക്കാൻ മുന്നോട്ടുവന്നത് സ്വാഗതാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, ടൂറിസത്തിന്റെ മറവിൽ ബീയർ- വൈൻ പാർലറുകൾ വ്യാപകമാക്കാനാണ് നീക്കമെന്ന് ആരോപിക്കുകയും ചെയ്തു.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് യു.ഡി.എഫ് സർക്കാർ സീ പ്ലെയിൻ പദ്ധതി നടപ്പാക്കാൻ ആലോചിച്ചതെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി പോലും ചർച്ച ചെയ്തില്ല. ഡാമുകളെ ബന്ധപ്പെടുത്തിയാണ് സീ പ്ലെയിൻ പദ്ധതി നടപ്പാക്കുന്നത്.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന കെ-ഹോം പദ്ധതി ആദ്യഘട്ടത്തിൽ ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ നടപ്പാക്കും. വീട്ടിലെ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളൊരുക്കും. ബുക്കിംഗ് സൗകര്യം സർക്കാരൊരുക്കും. കുമളി, തേക്കടി എന്നിവയെയും പരിഗണിക്കും. ബീച്ചുകളിൽ സാഹസിക ടൂറിസത്തിന് സാദ്ധ്യകളുണ്ടെങ്കിലും വാട്ടർ സ്‌പോട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത സഞ്ചാരികളെ ഗോവ അടക്കമുള്ള മറ്റ് ബീച്ചുകളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നുണ്ട്. മലയാളികൾ ഗോവയിലേക്ക് പോകുന്നത് എങ്ങനെ ഒഴിവാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ടൂറിസവും സ്റ്റാർട്ടപ്പും സംയോജിപ്പിച്ച് കാരവൻ ടൂറിസത്തെ നൂതന തലത്തിലേക്കെത്തിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |