തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിലപാടാണ് യൂസർ ഫീയെന്ന ബദൽ മാർഗം സ്വീകരിക്കാൻ കാരണം. യൂസർ ഫീ ഉപയോഗിച്ച് കിഫ്ബി വായ്പ തിരിച്ചടയ്ക്കും.
ബഡ്ജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിക്കിടെ, കിഫ്ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഒരുശതമാനം ഇന്ധന സെസ്സും മോട്ടോർ വാഹന നികുതി വിഹിതവുമാണ് കിഫ്ബിയുടെ വരുമാനം. ഇത് സെക്യൂരിറ്റി നൽകിയാണ് വായ്പയെടുക്കുന്നത്. കിഫ്ബി വായ്പകൾ 2022വരെ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ടോൾ പിരിക്കേണ്ടെന്ന നിലപാടെടുത്തത്.
എന്നാൽ, കേന്ദ്ര സർക്കാർ 2022ൽ കിഫ്ബിയെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ 15,895.50 കോടിയുടെ അധിക വായ്പയ്ക്കുള്ള അവകാശം നഷ്ടപ്പെട്ടു. കേന്ദ്ര സമീപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കിഫ്ബി പദ്ധതികൾ വരുമാനദായകമല്ലെന്ന് കേന്ദ്രം വാദിച്ചു. തുടർന്നാണ് കിഫ്ബി പദ്ധതികളെ വരുമാനദായകമാക്കാൻ തീരുമാനിച്ചത്. കിഫ്ബിക്ക് വരുമാനമുണ്ടായാൽ വായ്പകളെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാനാകും.
ഗ്രാന്റും ഒഴിവാകും
20,00 0 കോടി ഗ്രാന്റും വായ്പയെടുത്ത 13,100 കോടിയും പൂർണമായും കിഫ്ബിയുടെ ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി
യൂസർ ഫീ കൊണ്ട് ലോണുകൾ തിരിച്ചടയ്ക്കുന്നതോടെ, സർക്കാരിൽ നിന്നുള്ള ഗ്രാൻഡ് ഘട്ടംഘട്ടമായി ഒഴിവാക്കാനാവും
കിഫ്ബി വന്നതോടെ മൂലധനച്ചെലവുയർന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന മൂന്ന് വർഷം മൂലധനച്ചെലവ് 16,049 കോടി
കിഫ്ബിയുടെ 17,857കോടിയുൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷം ചെലവാക്കിയത് 59,630 കോടി
കിഫ്ബിയിൽ സ്റ്റാറ്ര്യൂട്ടറി ഓഡിറ്റ്, സി.എ.ജി ഓഡിറ്റ്, റിസ്‌ക് ബേസ്ഡ് ഇന്റേർണൽ ഓഡിറ്റ്, കൺകറണ്ട് ഓഡിറ്റ് എന്നിവ നടക്കുന്നുണ്ട്
- മുഖ്യമന്ത്രി പിണറായി വിജയൻ
ടൂറിസത്തിന് വ്യവസായ
പദവി നൽകും
ടൂറിസത്തിന് വ്യവസായ പദവി നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ബഡ്ജറ്റ് പൊതുചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
15 ലക്ഷം പേർക്ക് തൊഴിലും കേരളത്തിന് വർഷം 45,000 കോടി രൂപയും നൽകുന്ന മേഖലയാണ്. ടൂറിസത്തിന് വ്യവസായ പദവി നൽകി 1986ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ ധന, വൈദ്യുതി, റവന്യു വകുപ്പുകളുടെ എതിർപ്പുമൂലം നടപ്പായില്ല.
ടൂറിസം മേഖലയിൽ നിക്ഷേപം ഇറക്കുന്നവരുടെ ദീർഘകാല ആവശ്യമാണ് വ്യവസായപദവി. ഇതു കിട്ടുന്നതോടെ ഒറ്റത്തവണ കെട്ടിടനികുതി ഒഴിവാക്കൽ, വ്യവസായനിരക്കിൽ വൈദ്യുതി തുടങ്ങിയ ആനുകൂല്യങ്ങൾക്ക് ഹോട്ടലുകളും അർഹരാകും. വായ്പകളിലും വ്യവസായങ്ങൾക്കുള്ള ആനുകൂല്യം ലഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും കിട്ടും. ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകണമെന്ന് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |