തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സംസ്ഥാനത്ത് നിലവിൽ നൽകുന്ന വേതനം, സ്റ്റൈപന്റ്, സ്‌കോളർഷിപ്പ്, പെൻഷൻ ഉൾപ്പെടെ ഒരാനുകൂല്യവും വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയ്ക്കൊടുവിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്ഷേമപെൻഷൻ അടക്കമുള്ളവയ്ക്ക് വർദ്ധന വേണമെന്ന ആവശ്യം കുടിശിക നൽകിയശേഷം പരിഗണിക്കും. ക്ഷേമപെൻഷനിൽ 100രൂപ വർദ്ധന വരുത്തിയാൽപോലും വർഷത്തിൽ ആയിരം കോടി അധികം കണ്ടെത്തേണ്ടി വരും. റബർ, നെല്ല് ഉൾപ്പെടെയുള്ളവയുടെ തറവില വർദ്ധന അടക്കമുള്ള കാര്യങ്ങളും ഭാവിയിൽ പരിഗണിക്കും.
പദ്ധതികൾ വെട്ടിക്കുറച്ചു എന്നതും പദ്ധതിച്ചെലവ് ഇല്ലെന്നതും അടിസ്ഥാനരഹിതമായ ആരോപണമാണ്. ഫെബ്രുവരി ആദ്യമായപ്പോഴേക്കും മൊത്തം പദ്ധതിച്ചെലവ് 63%കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 68%വും കടന്നു. പദ്ധതി പ്രവർത്തനങ്ങൾ നിശ്ചയിച്ച രൂപത്തിൽതന്നെ പൂർത്തീകരിക്കാനാകും. ഈ സാഹചര്യങ്ങൾ പരിഗണിച്ചും കാൽനൂറ്റാണ്ടെങ്കിലും മുന്നിൽകണ്ടുമാണ് അടുത്ത സാമ്പത്തികവർഷത്തെ പദ്ധതി പ്രവർത്തനത്തെ സമീപിച്ചിട്ടുള്ളത്. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ നിർമ്മാണമടക്കം സമയബന്ധിതമായി നടപ്പാക്കും.
വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ഘടകങ്ങളും 2028ൽ പൂർത്തീകരിക്കും. വിഴിഞ്ഞം അനുബന്ധവികസന പദ്ധതികളുടെ പൂർത്തീകരണത്തിലൂടെയും എ.ഐയുടെ ആധുനിക തലത്തിലുള്ള ജി.പി.യു ക്ലസ്റ്റർ, ജി.സി.സി പാർക്ക് തുടങ്ങിയ മുന്നേറ്റങ്ങളെ അവസരമാക്കിയും മറ്റു രാജ്യങ്ങളിലടക്കം തൊഴിൽ തേടുന്ന മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരിക എന്ന ബൃഹത്തായ സംരംഭവും ബഡ്ജറ്റ് മുന്നോട്ടുവയ്ക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കാൻ മുനിസിപ്പൽ ബോണ്ട് അടക്കമുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നതിനാണ് അർബൻ കമ്മിഷൻ രൂപീകരിക്കുന്നത്.
വരവും ചെലവും രണ്ടു
ലക്ഷം കോടി കടക്കും
സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ടുലക്ഷം കോടി കടക്കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,17,000 കോടിയായിരുന്നു ശരാശരി ബഡ്ജറ്റ് ചെലവ്. ഈ സാമ്പത്തിക വർഷം 1.79 ലക്ഷം കോടി കവിയുമെന്ന് പ്രതീക്ഷ.
പുതുക്കിയ ബഡ്ജറ്റ് എസ്റ്റിമേറ്റ്
(2025-26 സാമ്പത്തിക വർഷത്തേത്
തുക കോടിയിൽ)
റവന്യുവരവ്...................... 152351.67
റവന്യു ചെലവ്.................. 179476.20
റവന്യുകമ്മി........................ 27124.53
മൂലധനച്ചെലവ്................. 16871.8
കടം...................................... 40842.21
369.4 കോടി
അധിക വിഭവ സമാഹരണം
1820.50 കോടി
അധിക ചെലവ്
(ഇന്നലെ പ്രഖ്യാപിച്ച
35.6 കോടി ഉൾപ്പെടെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |