കൊച്ചി: ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് വടുതലയിലെ ബണ്ട് പൊളിക്കലിലേക്ക്. പഠനങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ജില്ലാ ഭരണകൂടം, ദേശീയപാത അതോറിട്ടി, മേജർ ഇറിഗേഷൻ വിഭാഗം, കൊച്ചിൻ പോർട്ട് അതോറിട്ടി എന്നിവ ബണ്ടിലടിഞ്ഞ മണ്ണും ചെളിയും നീക്കുന്നതിനും ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനും അനുകൂല തീരുമാനത്തിലെത്തി. ബണ്ടിലെ മണ്ണും ചെളിയും ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് കേരളകൗമുദി ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നു.
2009ൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് ചരക്കുനീക്കത്തിനായി പണിത റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണത്തിനായാണ് ബണ്ട് തീർത്തത്. 14 വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അനുകൂല തീരുമാനത്തിന് വഴിയൊരുങ്ങുന്നത്. മുമ്പ് ഡ്രഡ്ജ് ചെയ്യാനാകില്ലെന്ന് പോർട്ടും ഭീമമായ ചെലവിനാൽ സർക്കാരും കൈയൊഴിഞ്ഞു.
നാഷണൽ ഹൈവേ 66 ന്റെ കൊടുങ്ങല്ലൂർ- തളിക്കുളം സെക്ഷനിൽ തന്നെ 20 ലക്ഷം മീറ്റർ ക്യൂബ് മണ്ണ് ആവശ്യമുണ്ടെന്നും അതിലേക്ക് ബണ്ടിലെ മണ്ണും ചെളിയും പരിഗണിക്കുന്നുവെന്നും എൻ.എച്ച്.എ.ഐ മേജർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനിയറെ അറിയിച്ചതോടൊപ്പം കേരിയുടെ പഠന റിപ്പോർട്ട് ആവശ്യപ്പെട്ടു. 25,16,000 ഘനമീറ്റർ മണ്ണും ചെളിയും 25,750 ഘനമീറ്റർ നിർമ്മാണാവശിഷ്ടങ്ങളുമാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്.
കളക്ടറുടെ റിപ്പോർട്ട് നിർണായകം
ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച പുരോഗതി റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. എവിടെ, എത്ര ദൂരത്തിൽ ഡ്രെഡ്ജ് ചെയ്യണമെന്നും എത്ര അളവ് മണ്ണും ചെളിയും വേണമെന്നും അറിയിക്കാൻ പോർട്ട് എൻ.എച്ച്.എ.ഐ നിർദ്ദേശിച്ചതായി റിപ്പോർട്ടിലുണ്ട്. തുടർന്നാണ് കളക്ടർ വീണ്ടും കേരിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് എൻ.എച്ച്.എ.ഐയ്ക്ക് കൈമാറും. പോർട്ടിനോട് ഡ്രഡ്ജിംഗിന് അനുവാദം വാങ്ങാനാണ് എൻ.എച്ച്.എ.ഐയ്ക്കുള്ള നിർദ്ദേശമെന്നും റിപ്പോർട്ടിലുണ്ട്. ഡ്രെഡ്ജിംഗിന്റെയും മണ്ണിന്റെയും ചെളിയുടെയും മൂല്യം കരാറുകാരനിൽ നിന്ന് ഈടാക്കുമെന്ന് പോർട്ട് അറിയിച്ചിട്ടുമുണ്ട്.
സ്വാസ് ഇടപെടൽ
കൊച്ചിയെ മുക്കാൻ ശേഷിയുള്ളതാണ് ബണ്ടെന്ന കേരി റിപ്പോർട്ടിനു പിന്നാലെ സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റിയാണ് വിഷയത്തിൽ ഇടപെടുന്നത്. കഴിഞ്ഞ ദിവസം സ്വാസ് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ് മൂലത്തിലും മണ്ണും ചെളിയും ഹൈവേ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ബണ്ട് നിർമ്മാണം-----2010, കരാർ ആർ.വി.എൻ.എൽ മുഖേന അഫ്‌കോൺസിന്
അടിഞ്ഞിരിക്കുന്ന മണ്ണും ചെളിയും-----25,16,000 ഘനമീറ്റർ
നിർമ്മാണാവശിഷ്ടം----- 25,750 ഘനമീറ്റർ
പെരിയാറിലെ മത്സ്യക്കുരുതിക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ബണ്ട് നീക്കുന്നത് ജനങ്ങൾക്ക് ഉപകാരമാകും.
ജേക്കബ് സന്തോഷ്
സ്വാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |