കൽപ്പറ്റ: വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വേണ്ട വിധത്തിലുളള നടപടികൾ എടുക്കുന്നില്ലെന്ന് ആരോപിച്ചുളള യുഡിഎഫിന്റെ ഹർത്താൽ ആരംഭിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോടനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.
പാൽ, പത്രം, പരീക്ഷ, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര സർവീസുകൾ തുടങ്ങിയിട്ടുണ്ട്. യുഡിഎഫിന്റെ ഹർത്താലിന് വിമർശിച്ച് എൽഡിഎഫ് നേതാക്കളും രംഗത്തെത്തി. വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുൻ എംപി രാഹുൽ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് എൽഡിഎഫിന്റെ വിമർശനം.
വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ വയനാട്ടിൽ ഹർത്താൽ നടന്നിരുന്നു. കഴിഞ്ഞ ദിവസവും കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു ആദിവാസി യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഉരുൾപൊട്ടൽ ദുരന്തമേഖലയായ അട്ടമലയിൽ ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പൻ-ബിന്ദു ദമ്പതികളുടെ മകൻ ബാലകൃഷ്ണനാണ് (26) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം തലയിൽ ചവിട്ടുകയായിരുന്നു.
ബാലകൃഷ്ണനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ്, ഇന്നലെ രാവിലെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. മുണ്ടക്കൈ ഉരുൾ ദുരന്തത്തെത്തുടർന്ന് താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായി അട്ടമലയിലെ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. ഏറാട്ടുകുണ്ട് ഉന്നതിയിൽ എത്തിയശേഷം ഇവിടേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |