SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.37 AM IST

പുരോഗമനാശയങ്ങളുടെ കാര്യത്തിൽ ബോധമുദിക്കാൻ സിപിഎമ്മിന് കുറഞ്ഞത് 10-15 വർഷമെങ്കിലും എടുക്കും: ചെന്നിത്തല

chennithala-

തിരുവനന്തപുരം: പുരോഗമനാശയങ്ങളുടെ കാര്യത്തിൽ ബോധമുദിക്കാൻ സിപിഎമ്മിന് കുറഞ്ഞത് 10-15 വർഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്നും ഇപ്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാൻ ബിൽ കൊണ്ടുവന്നപ്പോൾ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ നിൽക്കുന്ന ഈ പ്രസ്ഥാനം സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല.

കമ്പ്യൂട്ടറും ട്രാക്ടറും മുതൽ എക്സ്പ്രസ് വേ വരെ സംസ്ഥാനത്തു വന്ന ഓരോ വികസനത്തെയും മുന്നിൽ നിന്നെതിർത്ത് കേരളത്തെ വികസനത്തിൽ വർഷങ്ങൾ പിന്നോട്ടടിച്ച ചരിത്രമാണ് സിപിഎമ്മിന്റേത്. ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണങ്ങളിൽ മറ്റൊന്നാണ് സീപ്‌ളെയിൻ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു വന്ന ഈ ടൂറിസം പദ്ധതിയെ എതിർക്കാൻ കച്ച കെട്ടിയിറങ്ങിയിട്ട് പത്തു വർഷത്തിനു ശേഷം തങ്ങളുടെ നേട്ടമായി അവതരിപ്പിക്കാൻ പറ്റുന്ന തൊലിക്കട്ടി ലോകത്ത് സിപിഎമ്മിന് മാത്രമേ ഉണ്ടാവൂ.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണകരമായ മാറ്റങ്ങളുണ്ടാക്കാനായി സ്വകാര്യസർവകലാശാലകളെയും വിദേശ സർവകലാശാലകളെയും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ കേരളത്തിൽ സമരകലാപം അഴിച്ചു വിട്ടവരാണിവർ. അന്ന് എസ്എഫ്‌ഐ ഗുണ്ടകൾ കരണത്തടിച്ചു വീഴ്ത്തിയ അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടിപി ശ്രീനിവാസന്റെ കാൽ തൊട്ടു മാപ്പപേക്ഷിച്ചു വേണം ഈ ബിൽ സർക്കാർ അവതരിപ്പിക്കാൻ.

പത്തുവർഷം മുമ്പ് സിപിഎം ഈ നീക്കം എതിർത്തില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ നിന്നുള്ള ഇത്രയേറെ വിദ്യാർഥികൾക്ക് പഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകേണ്ടി വരില്ലായിരുന്നു. രാജ്യത്തിന് കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം സംരക്ഷിക്കാമായിരുന്നു.

ഉന്നത വിദ്യാഭ്യാസ വികസനത്തിനു വേണ്ടി കൊണ്ടുവരുന്ന ഈ ബില്ലിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു. കാരണം ഇത് ആത്യന്തികമായി ഒരു യുഡിഎഫ് ബ്രെയിൻ ചൈൽഡ് ആണ്. പക്ഷേ ഈ ബിൽ കണ്ണുമടച്ച് പിന്തുണയ്ക്കുന്നില്ല. രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഇത് ഒരു വിദ്യാഭ്യാസ കച്ചവടമായി മാറാൻ പാടില്ല. രണ്ട്, സമാനമായ നിലയിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ കൂടി പഠിച്ച ശേഷം അത്തരം പ്രതിസന്ധികൾ ഒഴിവാക്കി വേണം ഇത് നടപ്പാക്കാൻ.

അതോടൊപ്പം തന്നെ സംവരണം അടക്കം ഭരണഘടന ഉറപ്പു നൽകുന്ന വിദ്യാഭ്യാസ അവകാശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്നുറപ്പ് വരുത്തണം. ഇതിനായി ബിൽ സെലക്ട് കമ്മിറ്റിക്കു വിടണം. സ്വകാര്യ സർവകലാശാലകൾ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വേർതിരിവ് വർധിപ്പിക്കാനുതകുന്നത് മാത്രമാകരുത്. എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടുന്നതും സംസ്ഥാനത്തിന്റെ സാർവത്രിക വിദ്യാഭ്യാസ വികസനത്തിന് സഹായിക്കുന്നതുമാകണം ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, LATEST NEWS IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA