കൊച്ചി: പകുതി വില തട്ടിപ്പിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ ക്രെെംബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന നടത്തിയത്. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോടതിയിൽ നിന്ന് സെർച്ച് വാറന്റുമുണ്ട്. കൊച്ചി പനമ്പള്ളി നഗറിലെ സോഷ്യൽ ബി വെൻചേർസിലാണ് ആദ്യം ക്രെെംബ്രാഞ്ച് പരിശോധന നടത്തിയത്.
സോഷ്യൽ ബി വെഞ്ചേഴ്സിന്റെയും കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നവേഷന്റെയും അക്കൗണ്ടിലേക്കാണ് വിവിധ എൻജിഒകളും വ്യക്തികളുമെല്ലാം അനന്തുവിന്റെ വാക്ക് വിശ്വസിച്ച് പണം അയച്ചത്. പകുതി വിലയ്ക്ക് വാഹനങ്ങൾ അടക്കം നൽകാമെന്ന പേരിൽ തട്ടിപ്പിനിരയായവരുമായി പ്രതി ഉണ്ടാക്കിയ കരാർ രേഖകളും ഈ സ്ഥാപനങ്ങൾ വഴി ആണെന്നാണ് വിവരം. ഇവിടങ്ങളിൽ അനന്തുവിനെ എത്തിച്ച് തെളിവെടുത്തിരുന്നു.
അനന്തുവിനെതിരെ കൂടുതൽ പരാതി വരുന്നതിനിടെയാണ് പാതിവില തട്ടിപ്പിന് കുടുംബശ്രീ വഴിയും പ്രചാരണം നടന്നതായി കണ്ടെത്തുന്നത്. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്ററാണ് പകുതി നിരക്കിലുള്ള സ്‌കൂട്ടറും ലാപ്‌ടോപ്പും ലഭിക്കുന്നത് ഉപയോഗപ്പെടുത്താൻ സിഡിഎസ് ചെയർപേഴ്സൺമാർക്ക് കത്ത് നൽകിയത്. നിലമ്പൂരിലെ ജെഎസ്എസ് എന്ന സമിതി വഴി പണം നൽകി ആനുകൂല്യം നേടാം എന്നും കത്തിലുണ്ട്. ലഭിക്കുന്ന സാധനങ്ങളുടെ ഗുണങ്ങളും കത്തിൽ വിവരിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ ആകെ വ്യാപ്തി ഇനിയും കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. 1000 കോടി അടുക്കുമെന്നാണ് വിലയിരുത്തൽ. സ്‌കൂട്ടർ നൽകാമെന്നു പറഞ്ഞ് 40,000 പേരിൽ നിന്ന് 60,000 രൂപ വീതം വാങ്ങിക്കൂട്ടി. അനന്തുവിന്റെ അക്കൗണ്ടിൽ ഈയിനത്തിൽ മാത്രം എത്തിയത് 240 കോടി രൂപയാണ്. 18,000 പേർക്കു മാത്രമാണ് വാഹനം നൽകിയത്. 13,000 പേരിൽ നിന്ന് തയ്യൽ മെഷീനും പണം വാങ്ങിയിരുന്നു.
ഇത് കൊടുത്തു തീർത്തിട്ടുണ്ട്. ലാപ്‌ടോപ്പിന്റെ പേരിൽ 15,000 പേരിൽ നിന്നായി 30,000 രൂപയും, രാസവളത്തിന്റെ പേരിൽ 45,000 രൂപ വീതം 20,000 പേരിൽ നിന്നും അനന്തു വാങ്ങിയതായുള്ള രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ സാധനങ്ങൾ പാതിവിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് അനന്തുകൃഷ്ണൻ 98,000 പേരിൽ നിന്നാണ് പണം കൈപ്പറ്റിയത്. ഇതിൽ 65,000 പേർക്ക് സാധനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |