ആലപ്പുഴ : തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം തകഴി ശങ്കരമംഗലത്ത് സാംസ്ക്കാരിക വകുപ്പ് നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ നിർമ്മാണ പുരോഗതിക്ക് സാമ്പത്തികപ്രതിസന്ധി വെല്ലുവിളിയാകുമെന്ന് ആശങ്ക. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ മ്യൂസിയത്തെക്കുറിച്ച് പരാമർശം പോലുമില്ല.
തകഴി മ്യൂസിയത്തിനായി അഞ്ച് കോടി രൂപ കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിലാണ് അനുവദിച്ചത്. കൂടാതെ 70 ലക്ഷം പിന്നാലെ തന്നു. നാലുവർഷം കൊണ്ട് ധനകാര്യവകുപ്പ് നൽകിയത് ഒരു കോടി എഴുപത് ലക്ഷം രൂപ മാത്രമാണെന്ന് സ്മാരക സമിതി വ്യക്തമാക്കി. തന്നതിൽ എഴുപത് ലക്ഷംരൂപ തിരിച്ചെടുക്കുകയും ചെയ്തു.
6000ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന് 6.25 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. മ്യൂസിയം നിർമ്മാണം പൂർത്തിയാക്കാനാവാതെ വന്നാൽ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ചടക്കം സ്മാരക സമിതി ഭാരവാഹികൾ ആലോചിക്കുന്നുണ്ടെന്നറിയുന്നു.
കുടിശികയായി മൂന്ന് ബില്ലുകൾ
കഴിഞ്ഞ നാലുമാസമായി നിർമ്മാണ കമ്പനിക്ക് പണം നൽകിയിട്ടില്ലെങ്കിലും പണി മുടങ്ങാതെ തുടരുന്നുണ്ട്
രണ്ട് മാസത്തിനുള്ളിൽ മേൽക്കൂര നിർമ്മാണം പൂർത്തിയാകേണ്ടതാണ്. മൂന്ന് ബില്ല് നിലവിൽ വന്നുകിടപ്പുണ്ട്
സ്മാരക സമിതി ചെയർമാനായ മുൻ മന്ത്രി ജി.സുധാകരൻ പ്രതിസന്ധി വിശദീകരിച്ച് ധനമന്ത്രിക്ക് നാല് തവണ കത്തയച്ചു
തകഴി മ്യൂസിയം
തകഴിയുടെ കഥാപാത്രങ്ങളും കൃതികളിലെ മുഹൂർത്തങ്ങളും മ്യൂസിയത്തിൽ ഒരുക്കും
മിനി ഓഡിറ്റോറിയം, കഫറ്റീരിയ, ലൈബ്രറി, ഓഡിയോ വിഷ്വൽ മുറി എന്നിവയുണ്ടാകും
കഥാ സംഗ്രഹങ്ങൾ, തകഴിയുടെ വ്യക്തിജീവിതം എന്നിവ അവതരിപ്പിക്കും
ശങ്കരമംഗലം വീടിനോട് ചേർന്നുള്ള 25 സെന്റ് സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്
എസ്റ്റിമേറ്റ് തുക
₹6.25 കോടി
മുൻ ബഡ്ജറ്റിലുണ്ടായിരുന്ന പണം ലഭ്യമായാൽ ഒരുവർഷത്തിനുള്ളിൽ മ്യൂസിയം തുറക്കാൻ കഴിയും
- ജി.സുധാകരൻ, തകഴി സ്മാരകസമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |