സംഭവം മംഗളൂരുവിൽ
നീലേശ്വരം: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ കിടന്നുറങ്ങിയ മലയാളി റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാൽ റെയിൽവേ പൊലീസ് അടിച്ചുതകർത്തു. നീരുവന്ന് പഴുത്ത കാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റി. നീലേശ്വരം അങ്കക്കളരിയിൽ പി.വി.സുരേശനാണ് (54) ദാരുണാനുഭവം. മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിലാണ് സുരേശൻ.
ഫെബ്രുവരി ഒന്നിന് രാത്രിയിലാണ് സുരേശന് റെയിൽവേ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത്. മംഗളൂരുവിൽ സെക്യുരിറ്റി ജോലി ചെയ്തുവരുന്ന ഇദ്ദേഹം മിലിട്ടറി കാന്റീനിൽ കയറിയ ശേഷം സ്റ്റേഷനിൽ എത്തിയതായിരുന്നു. ട്രെയിൻ കാത്ത് സ്റ്റേഷൻ ബെഞ്ചിൽ കിടക്കുന്നതിനിടെ ഉറങ്ങിപ്പോയി. ഈസമയം, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് കാലിൽ തുരുതുരെ അടിച്ചെന്നാണ് സുരേശൻ പറയുന്നത്. ഒന്നു മിണ്ടാൻ പോലും അനുവദിക്കാതെയായിരുന്നു മർദ്ദനം.
അടിയേറ്റ് കാൽ നിലത്ത് ഊന്നാൻ പറ്റാതായ സുരേശൻ വിവരം മകളെ വിളിച്ചറിയച്ച ശേഷം റെയിൽവേ സ്റ്റേഷനിൽ തുടർന്നു. മംഗളൂരുവിലെത്തിയ മകൾ പൊലീസിൽ വിവരമറിയിച്ച് അന്വേഷണം നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ സുരേശനെ കണ്ടെത്തുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം നാട്ടിലെത്തിയ സുരേശന്റെ കാലിൽ നീര് കൂടി വീർത്തതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സ നിർദ്ദേശിച്ചതിനെ തുർന്നാണ് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചത്. മസിൽ തകർന്ന് ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |