സഭയിൽ ബഹളം
തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്കുള്ള ഫണ്ടും സ്കോളർഷിപ്പിനുൾപ്പെടെ വിഹിതവും വെട്ടിക്കുറച്ചെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സർക്കാരിന്റെ മുൻഗണാ ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങളില്ലെന്നും ദളിത്, ആദിവാസി വിരുദ്ധ സർക്കാരാണെന്നും അടിയന്തരപ്രമേയ നോട്ടീസവതരിപ്പിച്ച എ.പി.അനിൽകുമാർ കുറ്റപ്പെടുത്തി.
എന്നാൽ, ജനസംഖ്യാനുപാതികമായോ അതിലേറെയോ ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് മന്ത്രിമാരായ ഒ.ആർ കേളുവും കെ.എൻ.ബാലഗോപാലും മറുപടി നൽകി. പട്ടികവിഭാഗങ്ങൾക്ക് നൽകാനുള്ള പണം
ധനവകുപ്പ് കുറവുചെയ്യില്ലെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞെങ്കിലും പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തി.
വിഹിതം വെട്ടിക്കുറച്ചിട്ട് മുൻഗണന, പുന:ക്രമീകരണം എന്നിങ്ങനെയാണ് സർക്കാർ പറയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തി. പട്ടികവർഗക്കാരുടെ 502കോടിയുടെ പദ്ധതി 390 കോടിയാക്കി. പട്ടികവിഭാഗക്കാരുടെ 1370കോടിയുടെ 20 പദ്ധതികൾ 920കോടിയായും കുറച്ചു. പട്ടികവിഭാഗത്തിന് 10ശതമാനം, പട്ടികവർഗ്ഗത്തിന് രണ്ടു ശതമാനം പദ്ധതികൾ നൽകണമെന്നത് ഭരണഘടനാ ബാദ്ധ്യതയാണ്. 30,000കോടിയുടെ കിഫ്ബി പദ്ധതികളിൽ പട്ടികവിഭാഗത്തിന് 81കോടി മാത്രമാണുള്ളത്. പട്ടികവർഗക്കാർക്ക് വീടിനുള്ള ലൈഫ് പദ്ധതിയിൽ 140കോടി വകയിരുത്തിയെങ്കിലും ഒരു രൂപപോലും ചെലവഴിച്ചില്ല. വാത്സല്യനിധി പദ്ധതിക്ക് 10കോടിയുണ്ടെങ്കിലും ഒന്നും ചെലവിട്ടില്ല. പട്ടികവിഭാഗക്കാർക്കുള്ള പദ്ധതിവിഹിതം ആരുടെയും ഔദാര്യമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഫണ്ട് വെട്ടിയില്ല; അധികം
നൽകിയെന്ന് മന്ത്രിമാർ
പട്ടികവിഭാഗ പദ്ധതികൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും ആവശ്യത്തിന് ഫണ്ടുണ്ടെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു. സ്കോളർഷിപ്പിന് വകയിരുത്തിയ 223കോടിക്ക് പുറമെ 108കോടി അധികവിഹിതം നൽകി. ലൈഫ്, സേഫ് പദ്ധതിയിലും കുറവുവരുത്തിയില്ല. വരുമാനപരിധി നോക്കാതെയാണ് സ്കോളർഷിപ്പ് നൽകുന്നത്. പട്ടികവിഭാഗത്തിലെ 800കുട്ടികൾ വിദേശത്ത് പഠിക്കുന്നു. ഇതിന് 25ലക്ഷം വീതം നൽകുന്നു. 2011-26കാലത്ത് 1360കോടി ചെലവിട്ടിടത്ത് ഇടതുസർക്കാർ 2386കോടി ചെലവഴിച്ചു.
ഒന്നും നടക്കുന്നില്ലെന്ന് വരുത്താനുള്ള പ്രചാരണത്തിന്റെ ഭാഗമായ ആരോപണമാണെന്നും ശമ്പളം, സ്കോളർഷിപ്പ്, ഫീസ് എന്നിവ ഒരുകാരണവശാലും മുടങ്ങില്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു. ബഡ്ജറ്റ് വിഹിതത്തിലും കുറവ് വരുത്തിയില്ല. സ്കോളർഷിപ്പിന് ഇക്കൊല്ലം 285.19കോടി നൽകി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |