വിഴിഞ്ഞം: തീൻമേശയിലെ വില കൂടിയ സമുദ്ര വിഭവമായി കടൽചേനകൾ (സീ അർച്ചിൻ). പഴയ തലമുറക്കാർ സ്ലേറ്റിൽ എഴുതാൻ ഉപയോഗിച്ചിരുന്ന കടൽ പെൻസിലുകൾ എന്നറിയപ്പെടുന്ന മുള്ളുകൾ അടങ്ങിയ കടൽ ചേനയ്ക്കാണ് ഇപ്പോൾ ഡിമാൻഡ് ഏറിയിരിക്കുന്നത്. ഔഷധമൂല്യവും രുചികരവുമാണ് ഇവയുടെ മാംസം. 3 മുതൽ 10 സെന്റീ മീറ്റർ വരെ മാത്രം വലിപ്പമുള്ള ഒരു കടൽചേനയ്ക്ക് വിഴിഞ്ഞത്ത് 100 രൂപയോളമാണ് വില.
വിദേശ മാർക്കറ്റിൽ ഇതിന് വൻ വിലയാണെന്ന് മുങ്ങൽ തൊഴിലാളിയായ ബാബു പറയുന്നു. കാത്സ്യം കാർബണേറ്റ് നിർമ്മിതമായ ഉരുണ്ട കട്ടിയുള്ള പുറംതോടും ഇതിൽ നിറയെ മുള്ളുകൾ പോലുള്ള ഭാഗങ്ങളും കാണപ്പെടുന്നു. ഇവയുടെ അടിഭാഗം പരന്ന രൂപത്തിലാണ്. ഇവയുടെ ശരീരം 5 ഭാഗങ്ങളായാണ് കാണുന്നത്. ശരീരത്തിലെ ചെറുതും വലുതുമായ മുള്ളുകളാണ് ചലനത്തെ സഹായിക്കുന്നത്. മഞ്ഞനിറത്തോടുകൂടിയ മുട്ടകൾ കോഴിമുട്ടയുടെ മഞ്ഞക്കരുവിന് സമാനമായാണ് കാണപ്പെടുന്നത്.
കടൽപ്പായലുകൾ, ആൽഗകൾ, പ്ലവകങ്ങൾ എന്നിവയൊക്കെ ഭക്ഷണമാക്കുന്ന ഇവ കടലിലെ വെജിറ്റേറിയനാണ്. ഉഷ്ണമേഖലാപ്രദേശങ്ങൾ മുതൽ ധ്രുവപ്രദേശങ്ങൾ വരെയുള്ള എല്ലാ കടലിന്റെയും അടിത്തട്ടിലും പാറകളിലും പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. കർണാടക തീരത്താണ് ഇവ ധാരാളമായി കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |