മരിച്ചവരിൽ രണ്ട് സ്ത്രീകളും
സംഭവം കൊയിലാണ്ടിയിൽ
കൊയിലാണ്ടി (കോഴിക്കോട്): ക്ഷേത്രോത്സവത്തിനിടെ വിരണ്ട ആന മറ്റൊന്നിനെ കുത്തി. ഇതിനിടെ ക്ഷേത്രം കമ്മിറ്റി ഓഫീസ് തകർന്നുവീണു. അതിനടിയിൽപ്പെട്ട് രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് പരിക്കുമേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനകളിടഞ്ഞത്. ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടിച്ചതും ചെണ്ടമേളവുമാണ് സംഭവത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. വിരണ്ടോടിയ ആനകളെ 45 മിനിറ്റിന് ശേഷം പന്തലായനി ദേശീയപാതയ്ക്ക് സമീപത്തുവച്ച് തളച്ചു.
കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനികളായ വട്ടംകണ്ടി താഴ ലീല ( 60), താഴത്തിടത്ത് അമ്മുക്കുട്ടി അമ്മ (78), കൊയിലാണ്ടി ഊരള്ളൂർ സ്വദേശി വടക്കയിൽ രാജൻ ( 68) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്. ആനകൾ വിരണ്ടു വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. ചിലർക്ക് ആനകളുടെ ചവിട്ടേറ്റെന്നും വിവരമുണ്ട്.
ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഉത്സവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ ക്ഷേത്രത്തിൽ എഴുന്നള്ളത്ത് നടക്കുന്നതിനിടെ വെെകിട്ട് ആറ് മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വെടിക്കെട്ട് തുടങ്ങിയതോടെ ഇടഞ്ഞ ആന മറ്റൊന്നിനെ കുത്തി. കുത്തേറ്റ ആന ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു. തുടർന്ന് പരസ്പരം കൊമ്പുകോർത്തശേഷം രണ്ടാനകളും വിരണ്ടോടി. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിശ്ചിത അകലം പാലിച്ചിരുന്നില്ലെന്ന് ഉത്സവത്തിനെത്തിയവർ പറഞ്ഞു. ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിന് അനുമതി വാങ്ങിയിരുന്നെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ് രാജൻ. ഭാര്യ: സരള. മക്കൾ: സച്ചിൻ രാജ്, രജിഷ്മ
അമ്മുക്കുട്ടി അമ്മയുടെ ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ദാസൻ ,ബാബു, മനോജ്, ഗീത.
മരിച്ച ലീലയുടെ ഭർത്താവ്: ആണ്ടിക്കുട്ടി. മക്കൾ: ലിഗേഷ്, വിജിന, അതുല്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |