ഹരിപ്പാട് : പുനർനിർമ്മാണം നടക്കുന്ന ദേശീയപാതയിൽ താമല്ലാക്കൽ കെ.വി.ജെട്ടി ജംഗ്ഷൻ അപകടക്കെണിയായി മാറുന്നു. നിരവധി അപകടങ്ങളാണ് ഏതാനും മാസങ്ങൾക്കുള്ളിൽ ഇവിടെ ഉണ്ടായത്. ആറുമാസത്തിനുള്ളിൽ അച്ഛനും മകളുമടക്കം നാലുപേരുടെ ജീവനുകളാണ് പാതയിൽ പൊലിഞ്ഞത്.
ഞായറാഴ്ച രാത്രി 11മണിയോടെ ബൈക്ക് യാത്രക്കാരൻ മരിച്ചതാണ് ഒടുവിലത്തെ അപകടം. റോഡ് രണ്ടായി തിരിക്കുന്നതിന് വേണ്ടി വച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് ചെറുതന രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് (42) മരിച്ചത്. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കെ.വി ജെട്ടി ജംഗ്ഷനിൽ റോഡ് രണ്ടായി തിരിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബർ16ന് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രക്കാരനായ താമല്ലാക്കൽ ഊടത്തിൽ ഗോപാലകൃഷ്ണൻ ആചാരി (66) മരിച്ചു. മകളുടെ വിവാഹത്തിനുവേണ്ടി സൗദിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി വീട്ടിലേക്ക് വരുന്നതിനിടയിൽ കഴിഞ്ഞസെപ്തംബർ 18ന് രാവിലെ വള്ളികുന്നം കടുവിനാൽ വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (49), മകൾ ആലിയ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ഇവർ സഞ്ചരിച്ച കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
വെളിച്ചമില്ല, ഗതി തിരിക്കുന്നതും വെല്ലുവിളി
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ദേശീയപാത നിർമ്മാണം വിനയായി
തുടർച്ചയായി റോഡിന്റെ ഗതി തിരിച്ചുവിടുന്നതും അപകടം വിളിച്ചുവരുത്തുന്നു
തെരുവുവിളക്കുകൾ ഇല്ലാത്തത് രാത്രികാലങ്ങളിൽ അപകടം വർദ്ധിപ്പിക്കുന്നു
അപകടങ്ങൾ വർദ്ധിച്ചതോടെ പ്രദേശവാസികളാകെ ഭീതിയിൽ
ദേശീയപാത നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ നടപടിയെടുക്കണം
- നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |