
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിൽ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് കെജിഎംഒഎ. നിലവിലുള്ള മാനവവിഭവശേഷിയിൽ യാതൊരു വർധനവും വരുത്താതെയാണ് ജീവനക്കാരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന ഈ തീരുമാനം സർക്കാർ കൈക്കൊണ്ടത്. അപ്രായോഗികവും ന്യായരഹിതവുമായ ഈ നീക്കത്തെ സംഘടന ശക്തമായി എതിർക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ജോലിസാഹചര്യങ്ങളും ചുമതലകളും ഉള്ള സ്ഥാപനങ്ങളാണ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ. ഇവിടെ ഉറപ്പാക്കേണ്ട ഏറ്റവും കുറഞ്ഞ മാനവവിഭവശേഷി സംബന്ധിച്ച് നിലവിലുള്ള സർക്കാർ ഉത്തരവുകൾ പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി ഒരു തസ്തിക പോലും സമീപകാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ല. മൂന്ന് ഡോക്ടർമാർ മാത്രമുള്ള സ്ഥാപനങ്ങളിൽ വൈകിട്ട് ആറുമണി വരെ ഒപി സമയം ദീർഘിപ്പിക്കുന്നത് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. ചാർജ് ഓഫീസർ ഒഴികെയുള്ള രണ്ട് ഡോക്ടർമാർക്ക് മാത്രമായിരിക്കും വൈകിട്ട് ആറുമണി വരെയുള്ള ഒപി കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന്റെ ഫലമായി രാവിലെ സമയങ്ങളിൽ ഒരാൾ മാത്രം ഒപിയിൽ സേവനമനുഷ്ഠിക്കേണ്ട അവസ്ഥ ഉണ്ടാകും. രോഗീബാഹുല്യം മൂലം നേരത്തേ തന്നെ വീർപ്പുമുട്ടുന്ന സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരേയൊരു ഡോക്ടർ മാത്രം ഒപിയിൽ ഉണ്ടാകുന്നത് വ്യാപകമായ അസംതൃപ്തിക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കുന്നതോടൊപ്പം രോഗികൾക്ക് ഗുണപരമായ ചികിത്സ ലഭിക്കുന്നതിലും ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിക്കും.
ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ മാനവവിഭവശേഷി ഉറപ്പാക്കാതെയും നിലവിലുള്ള പരിമിതികൾ പരിഗണിക്കാതെയും ഏകപക്ഷീയമായി അപ്രായോഗിക തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അപ്രായോഗികമായ പുതുക്കിയ ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും സംഘടന ശക്തമായി ആവശ്യപ്പെടുന്നു.അമിതജോലിഭാരംമൂലം അർഹമായ അവധികൾ പോലും എടുക്കാൻ കഴിയാതെ സേവനം ചെയ്യുന്ന ഡോക്ടർമാരിൽ വീണ്ടും അധികസമ്മർദ്ദം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും സംഘടന എന്തുവിലകൊടുത്തും ചെറുക്കുമെന്നും കെജിഎംഒഎ ഭാരവാഹികൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |