കോട്ടയം : നാടിനെ നടുക്കിയ കോട്ടയം ഗവ.നഴ്സിംഗ് കോളേജ് റാഗിംഗിൽ പ്രതിഷേധം അലയടിക്കുന്നു. കോളേജിന് മുന്നിൽ ഇന്നലെ വിദ്യാർത്ഥി സംഘടനകളുടെ സമരപരമ്പരയായിരുന്നു. എ.ബി.വി.പി, കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ മാർച്ചുമായെത്തി. മണിക്കൂറുകളോളം മെഡിക്കൽ കോളേജ് ആശുപത്രിയും, കോളേജ് പരിസരവും സംഘർഷഭൂമിയായി. വൻപൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡ് മറികടന്ന് ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കാനൊരുങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ തുടർച്ചയായി ജലപീരങ്കി പ്രയോഗം നടത്തി.
എ.ബി.വി.പിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരം. രാവിലെ നിവേദനം നൽകാനെന്ന പേരിൽ അഞ്ചംഗ സംഘം ക്യാമ്പസിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പലിന്റെ റൂമിലെത്തി മുദ്രാവാക്യങ്ങൾ വിളിച്ചു. പ്രിൻസിപ്പലിനെ ഉപരോധിച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അരുൺ മോഹൻ, ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയൻ, സംസ്ഥാന സമിതി അംഗം അശ്വതി ജെ. നായർ, യൂണിറ്റ് സെക്രട്ടറി വിനായക് മോഹൻ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലായിരുന്നു കെ.എസ്.യു മാർച്ച്. പ്രതികളെ കോളേജിൽ നിന്നു പുറത്താക്കണമെന്ന് അലോഷ്യസ് ആവശ്യപ്പെട്ടു. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്തു പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അദ്ധ്യക്ഷത വഹിച്ചു. ആൻ സെബാസ്റ്റ്യൻ,ജിത്തു ജോസ് സെബാസ്റ്റ്യൻ ജോയ്, അസ്‌ലം ഓലിക്കൻ, തൗഫീഖ് രാജൻ, ജെയ്ജി പാലക്കലോടി, ജോബിൻ ജേക്കബ്, ആനന്ദ് പഞ്ഞിക്കാരൻ നീണ്ടൂർ മുരളി, സോബിൻ തെക്കേടം തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റിലായവരെ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ സന്ദർശിച്ചു.
കോളേജധികൃതരുടെ ദുർബലവാദം : എസ്.എഫ്.ഐ
പ്രതികൾക്ക് എസ്.എഫ്.ഐയുമായി ബന്ധമില്ല, കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആഷിഖ് ഉദ്ഘാടനം ചെയ്തു. മൂന്നു മാസം റാഗിംഗ് നടന്നിട്ടും കോളേജ് അധികൃതർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
കോളേജ് ഹോസ്റ്റലിന് പ്രത്യേകം വാർഡനില്ലാത്തതും ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ നിലയ്ക്ക് നിറുത്താനാവാത്തതും വൻവീഴ്ചയാണ്. ഹോസ്റ്റലിലെ മറ്റ് അധികൃതരെക്കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം.
(എ.ബി.വി.പി)
നാളുകളായി കുറ്റക്കാരെ സംരക്ഷിച്ച കോളേജ് അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണം. പൊലീസ് സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും കണ്ടുപിടിക്കണം.
(കെ.എസ്.യു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |