തിരുവനന്തപുരം: കവടിയാർ ജവഹർനഗറിൽ വെർച്വൽ അറസ്റ്റിലൂടെ പറ്റിക്കപ്പെട്ട 52കാരന് 15 ലക്ഷം തിരികെ ലഭിച്ചു.സി.ബി.ഐ ഓഫീസർ ചമഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് 1.84 കോടിയാണ് തട്ടിയെടുത്തത്. ഇയാൾ ഉപയോഗിച്ച ഫോൺ നമ്പറുകളും പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന്റെ ആദ്യഘട്ടമായാണ് 15 ലക്ഷം കണ്ടെത്തി പരാതിക്കാരന് തിരികെ നൽകിയത്.ഉത്തരേന്ത്യൻ സംഘങ്ങളാവാം തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.ഇത്തരം തട്ടിപ്പുകളിൽ കുറ്റവാളികൾ ഇരയിൽ നിന്ന് ലഭിക്കുന്ന പണം വിവിധ സംസ്ഥാനങ്ങളിലായുള്ള പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് പതിവ്. അന്വേഷണസംഘത്തിന് പിടികൊടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പണം പരാതിക്കാരന് തിരികെ ലഭിക്കാനും ബുദ്ധിമുട്ടായിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ 52കാരനെ ബന്ധപ്പെട്ടത്. കൈയിൽ പണമില്ലാതിരുന്നതിനാൽ 50 ലക്ഷം ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കൈമാറിയത്. സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |