ആലപ്പുഴ: നഗരത്തിൽ ഇ.എസ്.ഐ ആശുപത്രി പരിസരത്ത് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കി. രാത്രിയിൽ ട്രെയിൻമാർഗമെത്തിച്ച കഞ്ചാവ് കൊണ്ടുപോകുവാൻ സാധിക്കാതെ വന്നപ്പോഴാണ് റെയിൽവേ യാർഡിന് പടിഞ്ഞാറുവശമുള്ള വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചത്. കഞ്ചാവ് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. റെയിൽവേ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ സഹായം ഇല്ലാതെ കഞ്ചാവടങ്ങിയ ബാഗ് ട്രെയിനിൽ നിന്നും വാഴത്തോട്ടത്തിലെത്താൻ സാദ്ധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. റെയിൽവേ സ്റ്റേഷനിലെ കാമറകൾ പരിശോധിക്കുന്നതിനൊപ്പം സംശയിക്കുന്ന ജീവനക്കാരുടെ ഫോൺ കോളുകളുേ നിരീക്ഷിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
9.6 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഉത്സവക്കച്ചവടത്തിനെത്തിച്ച 9.6 കിലോഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. കറ്റാനം ഭരണിക്കാവ് കുഴിക്കേലത്തറയിൽ വിവേകിനെയാണ് (25) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുറത്തികാട് പൊലീസും ചേർന്ന് പിടികൂടിയത്. ശിവരാത്രി ഉത്സവം പ്രമാണിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിക്കപ്പെട്ടത്. കറ്റാനം മാങ്കാവിൽ വില്ലയ്ക്ക് സമീപത്തെ റോഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |