പൂവാർ: ബൈക്കിൽ എത്തിയ നാൽവർ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചു. മണിക്കൂറുകൾക്കു ശേഷം പൂവാർ പൊലീസെത്തി രക്ഷിച്ച യുവാവ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലാണ്. പ്രാദേശിക നേതാവായ യുവാവിന്റെ ഒത്താശയോടെ പ്രവർത്തിക്കുന്ന മണൽ കടത്ത് ലോബിയാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
അരുമാനൂർ വലിയവിള ശ്രീപാദം വീട്ടിൽ അച്ചുവിനാണ് ( 24 )ക്രൂരമർദ്ദനം ഏറ്റത്. അരുമാനൂർ സ്വദേശികളായ മോനു(28),ദേവൻ (27, സോനിഷ്), അനീഷ് (27, ചാക്കോ), ജിത്തു (28, ഊണൻ) എന്നിവർക്കെതിരെ പൂവാർ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഇവരിൽ മൂന്നുപേർ കസ്റ്റിയിലെന്ന് സൂചനയുണ്ട്. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
അച്ചുവിന്റെ സുഹൃത്ത് അബിയുമായി സംഘം നേരത്തേ വാക്കേറ്റമുണ്ടായെന്നും ഇതിന്റെ പക തീർക്കാനാണ് തട്ടിക്കൊണ്ടു പോകലെന്നും പൊലീസ് പറഞ്ഞു. ആളില്ലാത്ത സമയം നോക്കി അച്ചുവിന്റെ വീട്ടിലെത്തി മർദ്ദിച്ച് അവശനാക്കിയ ശേഷം കൈകൾ പിറകിൽ കെട്ടി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ കൊണ്ടു ചെന്ന ശേഷം മാരകമായി മണിക്കൂറുകളോളം മർദ്ദിച്ചതായി അച്ചു പൊലീസിന് മൊഴി നൽകി. ബലമായി മയക്കുമരുന്ന് കഴിപ്പിക്കാനും ശ്രമിച്ചു. മൊബൈൽ ഫോൺ കൈക്കലാക്കി സുഹൃത്തായ അബിയെ വിളിച്ച് കൊലവിളി നടത്തി. നിന്നെ കിട്ടിയില്ലെങ്കിൽ നിന്റെ കൂട്ടുകാരനെ കൊല്ലും എന്നായിരുന്നു കൊലവിളി.
സമാധാനമായി കഴിഞ്ഞുവരുന്ന തങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കയാണ് മണൽ കടത്ത്, മയക്കുമരുന്ന് ലോബിയെന്ന് അരുമാനൂർ നിവാസികൾ പറയുന്നു. കൃത്യമായി പടി കിട്ടുന്നതിനാൽ പൊലീസ് ഇവർക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും ആരോപിക്കുന്നു. കൈപ്പൂരി ഏല ഉൾപ്പെടെ നെൽവയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുകയാണ്. പട്ടാപ്പകൽ ഇതൊക്കെ നടന്നിട്ടും ഇവർക്കെതിരെ നടപടിയില്ല.
യുവാവിനെ കണ്ടെത്തിയത്
ഫോൺ ട്രാക്ക് ചെയ്ത്
അച്ചുവിനെ കാണാതായതിനെ തുടർന്ന് ഫോണിലേക്ക് വിളിച്ചപ്പോൾ പ്രതികളാണെടുത്തത്. സഹോദരിയെ ഉൾപ്പെടെ പ്രതികൾ അസഭ്യം പറഞ്ഞു. തുടർന്ന് ബന്ധുക്കൾ പൂവാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാത്രി 10.30 ഓടെ ആളൊഴിഞ്ഞ പ്രദേശത്തു നിന്ന് അവശനായ അച്ചുവിനെ കിട്ടിയത്. അച്ചുവിന്റെ ഫോൺ നമ്പർ ട്രാക്ക് ചെയ്താണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിപ്പട്ടികയിൽ ഉള്ളവർ മറ്റു കേസുകളിൽ ഉൾപ്പെട്ടവരാണോ എന്നും, തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോയെന്നും അന്വേഷിച്ചു വരുന്നതായി പൂവാർ സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |