ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച സംഭവത്തിൽ ദുരന്തകാരണം വ്യക്തമാക്കി ഡൽഹി പൊലീസ്. പ്രയാഗ്‌രാജിലേക്കുള്ള മറ്റൊരു സ്‌പെഷ്യൽ ട്രെയിനായ 'പ്രയാഗ്‌രാജ് സ്‌പെഷ്യൽ' പ്ലാറ്റ്‌ഫോം നമ്പർ 16ൽ എത്തിയത് 14ാം പ്ലാറ്റ്‌ഫോമിൽ സ്‌പെഷ്യൽ ട്രെയിനിനായി കാത്തിരുന്ന യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയത് തിക്കും തിരക്കുമുണ്ടാകാൻ കാരണമായി എന്നാണ് പൊലീസ് പറയുന്നത്.
പ്രയാഗ്‌രാജ് സ്‌പെഷ്യൽ പ്ലാറ്റ്‌ഫോം 16ൽ എത്തുമെന്ന അനൗൺസ്‌മെന്റാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കാരണം പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് നേരത്തെ തന്നെ പ്ലാറ്റ്‌ഫോം 14ൽ എത്തിയിരുന്നു. ഇതിനിടെ അനൗൺസ്‌മെന്റ് വന്നതോടെ പ്ലാറ്റ്‌ഫോം 14ൽ എത്താൻ കഴിയാതിരുന്ന യാത്രക്കാർ തങ്ങളുടെ ട്രെയിൻ പ്ലാറ്റ്‌ഫോം 16ൽ എത്തിയതായി കരുതി അങ്ങോട്ടേക്ക് പോകാൻ തിടുക്കപ്പെട്ടു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ കനത്ത തിക്കും തിരക്കും അനുഭപ്പെടുകയായിരുന്നു. കൂടാതെ, പ്രയാഗ്‌രാജിലേക്കുള്ള നാല് ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതും കനത്ത തിരക്ക് ഉണ്ടാകുന്നതിന് കാരണമായെന്നും പൊലീസ് വ്യക്തമാക്കി.
പ്രയാഗ്‌രാജ് സ്‌പെഷ്യൽ ട്രെയിനിന്റെ പ്ളാറ്റ്‌ഫോം മാറ്റിയതായി അവസാന നിമിഷം അനുഭവപ്പെട്ടതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് ചില ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. എന്നാലിത് റെയിൽവേ നിരസിച്ചു. ട്രെയിനുകളൊന്നും റദ്ദാക്കിയിരുന്നില്ല. പ്ളാറ്റ്‌ഫോമിലും മാറ്റം വരുത്തിയില്ല. എല്ലാം ട്രെയിനുകളും ഷെഡ്യൂൾ പ്രകാരം തന്നെയാണ് സർവീസ് നടത്തിയത്. ഒരു യാത്രക്കാരൻ പടിക്കെട്ടിൽ തട്ടിവീണതാണ് തിക്കും തിരക്കും അനുഭവപ്പെടാൻ കാരണമായതെന്നാണ് ദക്ഷിണ റെയിൽവേ സിപിആർഒ ഹിമാൻഷു ശേഖർ വിശദീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |