തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്ത് നിന്ന് അയച്ച പണം ഇയാൾ ഇവിടെ ധൂർത്തടിച്ച് കളയുകയായിരുന്നു. ഏകദേശം അരക്കോടിയോളം രൂപയുടെ കടം പ്രതിക്ക് ഉണ്ടെന്നാണ് വിവരം. ഭാര്യ തിരിച്ച് നാട്ടിലെത്തുന്നതിന് മുൻപ് കടം വിട്ടാനാണ് പ്രതി കൊള്ള നടത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്താൻ ഉച്ചസമയം തിരഞ്ഞെടുത്തത്. ജീവനക്കാർ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവർച്ച നടത്തുമ്പോൾ ബാങ്കിൽ 45 ലക്ഷം ഉണ്ടായിരുന്നിട്ടും 15 ലക്ഷം രൂപമാത്രമാണ് പ്രതി എടുത്തത്. ഇതും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായി.
പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകൾ കണ്ടപ്പോൾ അതെടുക്കുകയായിരുന്നു പ്രതി. ബാങ്കിലുള്ളവർ പൊലീസിന് ഫോൺ ചെയ്യുമെന്ന് കരുതി കെെയിൽ കിട്ടിയ പണവുമായി പ്രതി പുറത്തിറങ്ങുകയായിരുന്നു. അതിനാൽ 15 ലക്ഷം രൂപ മാത്രമേ റിജോയ്ക്ക് എടുക്കാൻ കഴിഞ്ഞൂള്ളു. ഇതിൽ 2.90 ലക്ഷം കടം വീട്ടി. പ്രതിയെ പിടികൂടിയപ്പോൾ 10 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ പ്രതി നാടുവിട്ടില്ലെന്നും പൊലീസ് പറയുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ഷൂസിന്റെ നിറവും ഫോൺകോളുമാണ് കേസിൽ നിർണായകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |